ന്യൂദല്‍ഹി: രാജ്യത്തിന്റെ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്ന മാരുതി ജിപ്സി ഘട്ടം ഘട്ടമായി ഉപേക്ഷിക്കുന്നു. പകരം മഹീന്ദ്ര സ്കോര്‍പ്പിയോയും ടാറ്റ സഫാരിയും ഉള്‍പ്പെടുത്തുന്നതിനാണ് സൈന്യത്തിന്റെ തീരുമാനം. 3,000 കോടി രൂപയാണ് ഈ പദ്ധതിയുടെ നടപ്പാക്കലിന് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. മാരുതി ജിപ്സിയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു ഇന്ത്യന്‍ സേന. 25,000 ത്തില്‍ അധികം വാഹനങ്ങളാണ് ഇപ്പോള്‍ സൈന്യത്തിന്റെ പക്കലുള്ളത്. ഭീകരരോട് ഏറ്റുമുട്ടല്‍ നടത്തുന്നതുള്‍പ്പെടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മാരുതി ജിപ്സി ഉപയോഗിച്ചിരുന്നു.
മഹീന്ദ്ര സ്കോര്‍പിയോയുടേയും ടാറ്റ സഫാരിയുടേയും സൈനിക പതിപ്പ് ഉപയോഗിച്ചുള്ള വേനല്‍ കാല പരീക്ഷണം രാജസ്ഥാനിലെ ജോധ്പൂരില്‍ അടുത്ത ആഴ്ച നടക്കും. ശീതകാല പരീക്ഷണം ഈ വര്‍ഷം അവസാനം സിക്കിമില്‍ നടക്കുമെന്നും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പെട്രോള്‍ വില ഉയരുന്നതിനെ തുടര്‍ന്നാണ് പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ജിപ്സിയ്ക്ക് പകരം ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. ഏകദേശം 30,000 പുതിയ ലൈറ്റ് യൂട്ടിലിറ്റി 4എക്സ്4 കാറുകളാണ് നിലവില്‍ സൈന്യത്തിന് ആവശ്യം. 2017 ഓടെ ജിപ്സി ഘട്ടം ഘട്ടമായി ഒഴിവാക്കുന്നത് പൂര്‍ണമാകും. പുതിയ വാഹനങ്ങളെ ഘട്ടം ഘട്ടമായി ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനം. 15-20 വര്‍ഷത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: