ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പ് ഇന്ത്യന്‍ ആഡംബര ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ നിര്‍മിത ആഡംബര ഉത്പന്നങ്ങള്‍ ആഗോള വിപണി ലക്ഷ്യമിട്ടുകൊണ്ടാണ് നിര്‍മിക്കുന്നത്. ആദ്യത്തെ ഇന്ത്യന്‍ പ്രീമിയം ആഡംബര ബ്രാന്‍ഡ് രൂപീകരിക്കുന്നതിനാണ് സഹാറ ലക്ഷ്യമിടുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധം ആഗോള ഉപഭോക്താക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും ചാന്ദ്നി റോയ് പറയുന്നു. സഹാറ ഗ്രൂപ്പ് ചെയര്മാന് സുബ്രത റോയ്യുടെ മരുമകളാണ് ചാന്ദ്നി. ആഡംബര ലൈഫ്സ്റ്റെയില്‍ ഷോറുകള്‍ ആഗോള തലത്തില്‍ തുറക്കുന്നതിന് നേതൃത്വം നല്‍കുന്നത് ചാന്ദ്നി ആയിരിക്കും.
മുന്‍ ടെലിവിഷന്‍ താരം കൂടിയായ ചാന്ദ്നി ഡിസൈനര്‍ ജെജെ വലയയുമായി ചേര്‍ന്ന് ഡിസൈന്‍ സ്റ്റുഡിയോയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ്. വസ്ത്രം ഉള്‍പ്പെടെയുള്ള ലൈഫ്സ്റ്റെയില്‍ ഉത്പന്നങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് വിപണനം ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി പുതിയൊരു കമ്പനി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ നിക്ഷേപ പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് ചാന്ദ്നി തയ്യാറായില്ല. പ്രാരംഭ ഘട്ടത്തില്‍ രണ്ട് സ്റ്റോറുകളാണ് തുറക്കുക. ലണ്ടണിലെ ഗ്രോസ്വെനര്‍ ഹോട്ടലിലും ന്യൂയോര്‍ക്കിലെ ദ പ്ലാസയിലുമാണ് സഹാറ ഗ്രൂപ്പ് സ്റ്റോറുകള്‍ ആരംഭിക്കുക.
സഹാറ ഗ്രൂപ്പിനെതിരെ ഓഹരി വിപണി നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ശക്തമായ ആരോപണം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ സംരംഭത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
30 ദശലക്ഷത്തോളം ചെറുകിട നിക്ഷേപകരില്‍ നിന്ന് 24,000 കോടിയില്‍ അധികം രൂപ അനധികൃതമായി സമാഹരിച്ചുവെന്നതാണ് സഹാറയ്ക്കെതിരായ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: