തിരുവനന്തപുരം: ഡി.വൈ.എഫ്. ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം. എല്‍.എയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ബര്‍ണശ്ശേരിയില്‍ നടന്ന റോഡ് തടയല്‍ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാജേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
നിരവധി തവണ സമന്‍സ് അയച്ചിട്ടും രാജേഷ് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, എം.എല്‍.എയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേട്ട് നിയമസഭാ സ്പീക്കര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 2005 ജൂലൈ നാലിനാണ് ടി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ബര്‍ണശ്ശേരിയില്‍ റോഡ് തടഞ്ഞത്. 25ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.എം.എല്‍.എയ്ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, ജാമ്യക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: