വിരാട് കോഹ്ലി 99
ഡിവില്ലിയേഴ്സ് 32*
ന്യൂദല്‍ഹി: ഐപിഎല്ലില്‍ നിലനില്‍പ്പിനുവേണ്ടി പൊരുതുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 184 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട റോയല്‍ ചലഞ്ചേഴ്സിനെ വിരാട് കോഹ്ലിയുടെ ഉശിരന്‍ ബാറ്റിങ് കരകയറ്റുകയായിരുന്നു.
58 പന്തില്‍ 99 റണ്‍സ് അടിച്ചൂകൂട്ടിയ കോഹ്ലിയുടെ പ്രകടനം ദല്‍ഹി ബൗളിങ് നിരയ്ക്കു പേക്കിനാവായി. പത്തു ഫോറുകളും നാലു സിക്സറുകളും കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പ്രവഹിച്ചു. അര്‍ഹിച്ച സെഞ്ച്വറിക്ക് രണ്ടു റണ്‍സ് വേണ്ടിയിരുന്ന കോഹ്ലി അവസാന പന്തില്‍ റണ്ണൗട്ടായത് നൊമ്പര ദൃശ്യമായി. എബി ഡിവില്ലിയേഴ്സും (17 പന്തില്‍ 32, 2 ഫോര്‍, 2 സിക്സ്) ചലഞ്ചേഴ്സിനെ തുണച്ചു.
വെടിക്കെട്ടിലൂടെ ബൗളര്‍മാരുടെ ഹൃദയം തകര്‍ക്കുന്ന ക്രിസ് ഗെയ്ലിന്റെ (4) പതനത്തോടെയായിരുന്നു ചലഞ്ചേഴ്സിന്റെ തുടക്കം. ഇര്ഫാന് പഠാന്റെ പന്ത് ഗെയ്ലിന്റെ കുറ്റിപറിച്ചു കടന്നുപോയി. പിന്നാലെ ചേതേശ്വര്‍ പൂജാരയും ബാറ്റുതാഴ്ത്തി. തട്ടിയും മുട്ടിയും നിന്ന പൂജാരയെ (17 പന്തില്‍ 17) യുവ പേസര്‍ സിദ്ധാര്‍ഥ് കൗള്‍ ബൗള്‍ഡാക്കി. മോണി മോര്‍ക്കലിനെ ബൗണ്ടറി കടത്തിയാണ് കോഹ്ലി കളി തുടങ്ങിയത്.
ഏഴാം ഓവറില്‍ കൗളിന്റെ പന്തില്‍ വീരേന്ദര്‍ സേവാഗ് കോഹ്ലിയെ വിട്ടുകളഞ്ഞത് ചലഞ്ചേഴ്സിനു രക്ഷയായി. പിന്നീട് അവസരം കിട്ടിയപ്പോഴെല്ലാം ദല്‍ഹി ബൗളര്‍മാരെ അതിര്‍ത്തി കടത്തിയ കോഹ്ലി മോയ്സസ് ഹെന്റിക്വസുമൊത്ത് മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് ടീമിന്റെ കണക്കിലെത്തിച്ചു. 22 പന്തില്‍ മൂന്നു ബൗണ്ടറികളടക്കം 26 റണ്‍സെടുത്ത ഹെന്റിക്വസിനെ ഷാബാസ് നദീം റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി.
പിന്നെവന്ന എബി ഡിവില്ലിയേഴ്സ് എല്ലാം തച്ചു തകര്‍ക്കാനുള്ള മൂഡിലായിരുന്നു. മോണി മോര്‍ക്കലിനെ ഗ്യാലറിയിലെത്തിച്ച എബിഡി അപായ മണി മുഴക്കി. ആ ഓവറില്‍തന്നെ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് രണ്ടുതവണ പന്ത് അതിര്‍ത്തിയിലേക്ക് മൂളിപ്പറന്നു. തൊട്ടുപിന്നാലെ ഉമേഷ് യാദവ് എബിഡിയുടെ ദയാരഹിതമായ പ്രഹരത്തിനിരയായി. മൂന്നു സിക്സറുകളും ഒരു ഫോറുമടക്കം ഉമേഷിന്റെ ഓവറില്‍ 24 റണ്‍സുകള്‍ പിറന്നു. 19-ാം ഓവറില്‍ ഡിവില്ലിയേഴ്സ് കൗളിനെ രണ്ടു പ്രാവശ്യം ബൗണ്ടറിയിലെത്തിച്ചു.
അവസാന ഓവറില്‍ ഹിറ്ററുടെ റോള്‍ കോഹ്ലി ഏറ്റെടുത്തു. ഇത്തവണ ഉമേഷ് വഴങ്ങിയത് 23 റണ്‍സ്. ഉമേഷിന്റെ പന്തുകള്‍ രണ്ടുതവണ കാണികള്‍ക്കിടയില്‍ ലാന്‍ഡ് ചെയ്തു; രണ്ടുതവണ പരസ്യപ്പലകകളില്‍ തൊട്ടു നിന്നു. അവസാന നാല് ഓവറുകളില്‍ 77 റണ്‍സുകള്‍ വാരിയ എബിഡിയും കോഹ്ലിയും ചലഞ്ചേഴ്സിനെ പ്രതീക്ഷിക്കാത്ത സ്കോറിലെത്തിച്ചു.
സ്കോര്‍ ബോര്‍ഡ്
ചലഞ്ചേഴ്സ്: പൂജാര ബി കൗള്‍ 17. ഗെയ്ല് ബി പഠാന് 4, കോഹ്ലി റണ്ണൗട്ട് 99, ഹെന്റിക്വസ് സി ആന്‍ഡ് ബി നദീം 26, ഡിവില്ലിയേഴ്സ് നോട്ടൗട്ട് 32. എക്സ്ട്രാസ് 5. ആകെ- 4ന് 183.
വിക്കറ്റ് വീഴ്ച്ച: 1-6, 2-32, 3-89, 4-183.
ബൗളിങ്: മോര്‍ക്കല്‍ 4-0-35-0, പഠാന് 4-0-24-1, കൗള്‍ 4-0-36-1, ഉമേഷ് യാദവ് 4-0-65-0, നദീം 4-0-23-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: