ലാഭക്കൊതിയന്മാര് നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ല. അമ്മമാര്‍ തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി എന്നും വിശ്വസ്തതയോടെ വാങ്ങി ഉപയോഗിക്കുന്ന ജോണ്സണ് ആന്റ് ജോണ്സണ് പൗഡറിന്റെ നിര്‍മാതാക്കള്‍ ആ വിശ്വാസ്യതയെ മുതലെടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാകുന്നത്.
ഏറ്റവും മാരകമായ കാന്‍സറിനും തൊലിപ്പുറത്തെ ചൊറിയ്ക്കും കാരണമാകുന്ന എഥിലിന്‍ ഓക്സൈഡ് ജോണ്സണ് ആന്റ് ജോണ്‍സണില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത് അടുത്തിടെയാണ്. 2007 ല്‍ നിര്‍മിച്ച ബേബി പൗഡറുകളിലാണ് എഥിലിന്‍ ഓക്സൈഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിര്‍മിച്ച ഒരു ലക്ഷത്തിലധികം ടിന്നുകളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.
ഒരു കുഞ്ഞുജനിച്ചാല്‍ വീട്ടുകാരും നാട്ടുകാരും ആദ്യം നല്‍കുക ജോണ്സണ് ആന്റ് ജോണ്‍സണിന്റെ എല്ലാ ഉത്പന്നങ്ങളും അടങ്ങിയ ഒരു കിറ്റായിരിക്കും. നവജാത ശിശുവിന് ആദ്യമായി നല്‍കുന്നത് ഇത്തരത്തിലൊരു വിഷവസ്തുവാണെന്ന് സന്തോഷത്തോടെ നല്‍കുന്നവരോ സംതൃപ്തിയോടെ ഉപയോഗിക്കുന്നവരോ അറിഞ്ഞിരുന്നില്ല. രണ്ടോ മൂന്നോ വര്‍ഷം വരെ ഉപയോഗിക്കാല്‍ കഴിയുന്നത്രത്തോളം ഈ ഉത്പന്നത്തിന്റെ ഗിഫ്റ്റ് പായ്ക്കറ്റുകള്‍ കിട്ടിയിട്ടുമുണ്ടാകും. കാശ് കൊടുത്ത് ഏതായാലും കുഞ്ഞിനുള്ള സോപ്പും പൗഡറും ഷാംപുവും ക്രീമും ഒന്നും വാങ്ങേണ്ടതില്ലല്ലോ എന്ന് ആശ്വസിക്കുന്നവര്ക്കിടിയിലാണ് ഇടിത്തീ പോലെ ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
കുഞ്ഞിന് നിറം വയ്ക്കാനും ചര്‍മം മൃദുവാകാനും എന്തിന് നീളം വയ്ക്കാന്‍ പോലും ഫലപ്രദം എന്ന വിധത്തിലാണ് ജോണ്സണ് ആന്റ് ജോണ്‍സണിന്റെ പല പരസ്യങ്ങളും ഉപഭോക്താവിന്റെ മുന്നില്‍ എത്തുന്നത്. ഇതെല്ലാം കണ്ട് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്കാന് ആഗ്രഹിക്കുന്ന പാവം മാതാപിതാക്കള്‍ എത്ര തുക മുടക്കിയും ഇവ വാങ്ങി ഉപയോഗിക്കുകയും ചെയ്യും. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് ഇതുപോലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴേ മനസ്സിലാകു എന്ന് മാത്രം.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ജോണ്സണ് ആന്റ് ജോണ്സണ് ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതെങ്കിലും മുതിര്‍ന്നവരും ഈ ഉത്പന്നത്തില്‍ ആകൃഷ്ടരാണ് എന്നതാണ് മറ്റൊരു വസ്തുത. കുഞ്ഞുങ്ങള്ക്കുവേണ്ടിയുള്ളതല്ലെ അതിനാല്‍ തന്നെ ഇതില്‍ ചര്‍മത്തിന് ഹാനികരമായ ഒന്നും ഉണ്ടാവില്ല എന്ന ചിന്തയാണ് ഇതിന് പിന്നില്‍.
എന്തിനാണ് ഇത്തരം സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പിന്നാലെ പോകുന്നത് എന്ന് ചോദിച്ചാല്‍ പലപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയെന്ന് വരില്ല. ഉപയോഗിക്കാന്‍ എളുപ്പം എന്ന് ഒറ്റവാക്കില്‍ കാര്യങ്ങള്‍ ഒതുക്കിയേക്കാം. നല്ലപോലെ എണ്ണ തേച്ച് നാടന്‍ മഞ്ഞള്‍ തുളസിയിലയോ വേപ്പിലയോ ചേര്‍ത്ത് അരച്ച് കുഞ്ഞിന്റെ ദേഹത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് ഇഞ്ച ഉപയോഗിച്ച് കുഞ്ഞിനെ കുളിപ്പിച്ചെടുക്കാന്‍ ഇന്ന് ആര്‍ക്കാണ് നേരം. അപ്പോള്‍ പിന്നെ മറ്റാരെങ്കിലും ഉണ്ടാക്കുന്നത് കണ്ണുമടച്ച് വിശ്വസിച്ച് വിഷമാണെങ്കിലും വാങ്ങി ഉപയോഗിക്കുക. ഇതാണ് ഇന്ന് കണ്ടുവരുന്നത്.
ഈ നേരിമില്ലായ്മയെ മുതലെടുക്കാന്‍ സ്വദേശികള്‍ മാത്രമല്ല വിദേശ സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാതാക്കളും മുമ്പന്തിയിലാണ്. അവരുടെ ഉത്പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിക്കാന്‍ പറ്റുന്ന വിപണിയായി അവര്‍ ഇന്ത്യയെ എന്നേ കണ്ടെത്തി കഴിഞ്ഞു.
നമ്മുടെ രാജ്യത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അവരുടെ വരുമാനത്തിന്റെ 35 ശതമാനവും ചെലവാക്കുന്നത് ഇത്തരത്തില്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനാണ്. കോര്‍പ്പറേറ്റ് തലത്തില്‍ ജോലി നോക്കുന്ന 20 നും 40 നും ഇടയില്‍ പ്രായമുള്ള 10 ദശലക്ഷത്തോളം സ്ത്രീകളാണ് വരുമാനത്തിന്റെ നല്ലൊരു ഭാഗം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ഓടെ ഇതില്‍ അഞ്ച് മടങ്ങ് വര്‍ധനവുണ്ടാകുമെന്നും പറയുന്നു. ഏഴ് വര്‍ഷത്തിനകം 10 ദശലക്ഷത്തില്‍ നിന്നും 50 ദശലക്ഷമായി ഇത് ഉയരണമെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കു, ഇന്ത്യയിലെ ജനങ്ങള്‍ എത്രമാത്രമാണ് കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പിന്നാലെ പായുന്നതെന്ന്. സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന സംഗതി തന്നെ. എന്ന് കരുതി പരസ്യത്തില്‍ കാണുന്നതെന്തും വാങ്ങിത്തേച്ച് ഉള്ള സൗന്ദര്യം കൂടി നശിപ്പിക്കേണ്ട ആവശ്യമുണ്ടോ?
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: