ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ നിന്ന് മാത്രമല്ല ഒന്നും നേടാത്തവരില്‍ നിന്നും ഏറെ പഠിക്കാനുണ്ട്….സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 389-ാം റാങ്ക് നേടിയ മലയാളി നന്ദിനി.ആര്. നായരുടെ വാക്കുകളാണിത്. ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളും ബന്ധങ്ങളും കണ്ടുമുട്ടലുകളും അമൂല്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍, കാരണം എന്നെ തേടിയെത്തിയ ഓരോ വിജയത്തിനു പിന്നിലും ഈ അനുഭവങ്ങളും ബന്ധങ്ങളുമൊക്കെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്-നന്ദിനി നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
പതിമൂന്നാം വയസ്സില്‍ ആരംഭിച്ച നാടക പരീശീലനക്കളരിയിലെ അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണ് നന്ദിനിക്ക്. സിവില്‍ സര്‍വ്വീസ് നേടണമെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷം ഈ മിടുക്കി മറച്ചുവെക്കുന്നില്ല. അതിനുവേണ്ടി നേരത്തേ ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വാര്‍ത്തകള്‍ ശ്രദ്ധിക്കുക, പുസ്തകങ്ങള്‍ വായിക്കുക, കിട്ടുന്ന വിവരങ്ങള്‍ കുറിച്ചുവെക്കുക തുടങ്ങിയ ചില പൊടിക്കൈകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ 24 മണിക്കൂറും ഇതിനുവേണ്ടി പഠിച്ചിട്ടില്ലെന്ന് നന്ദിനി പറയുന്നു.
നാടകം, ചിത്രരചന, നൃത്തം ഇതായിരുന്നു നന്ദിനിയുടെ ലോകം. സിവില്‍ സര്‍വ്വീസ് മോഹം മനസില്‍ സൂക്ഷിക്കുമ്പോഴാണ് സിനിമയിലേക്കുള്ള നന്ദിനിയുടെ ചുവടുമാറ്റം. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയാണ് ആദ്യത്തെ സിനിമ. സിവില്‍ സര്‍വ്വീസിനുവേണ്ടി രാവും പകലും പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു അതില്‍.
നാടക കളരിയിലെ തന്റെ അനുഭവ സമ്പത്താണ് സിനിമയിലേക്കുള്ള വരവിന് നിദാനമെന്ന് നന്ദിനി പറയുന്നു. നാടകമില്ലെങ്കില്‍ ഇതൊന്നും തന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകില്ലെന്നും നന്ദിനി വിശ്വസിക്കുന്നു. അന്താരാഷ്ട്ര നാടക വേദികളിലെ അനുഭവങ്ങള്‍ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു നന്ദിനിക്ക്. കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പും ഇതിലൂടെ ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ആഷിക് അബു ചിത്രം ഡാ തടിയനിലും നന്ദിനി അഭിനയിച്ചു. മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കലാകാരിക്ക് ഇതാദ്യമായാണ് സിവില്‍ സര്‍വ്വീസില്‍ മികച്ച വിജയം ലഭിക്കുന്നത്. അത്തരത്തില്‍ നന്ദിനിയുടെ വിജയത്തിന് മാറ്റ് കൂടും.
ശ്യാമ ഉഷ
ഒരു പക്ഷെ സിനിമാ മേഖലയില്‍ പ്രവര്ത്തിക്കുന്നതുകൊണ്ടാവണം തന്റെ വിജയം ജനങ്ങള്‍ അറിയുന്നത്. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ വിജയം ആരും അറിയാതെ പോയേനെയെന്നും നന്ദിനി പറയുന്നു.
സിനിമ സീരിയസായി എടുത്തിട്ടില്ലെന്നും ഈ മേഖലയില്‍ സജീവമാകാന്‍ താല്‍പ്പര്യമില്ലെന്നും നന്ദിനി പറയുന്നു. സിനിമയും നാടകവും തമ്മില്‍ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.
എന്നാല്‍ സിനിമയേക്കാള്‍ നാടകത്തിനോടാണ് നന്ദിനിക്ക് പ്രിയം. പ്രതീക്ഷകള്‍ കടത്തിവെട്ടുന്നതാണ് സിനിമ. നാടകം അങ്ങനെയല്ല. നാടകത്തിന്റെ പ്രചാരം എന്നും നിലനില്‍ക്കുന്നതാണെന്നും നന്ദിനി അഭിപ്രായപ്പെടുന്നു. നാടക പരിശീലന ക്ലാസിലെ അനുഭവങ്ങളും അതോടൊപ്പമുണ്ടായ യാത്രകളും എന്നും ആസ്വദിച്ചിട്ടേയുള്ളൂ താന്‍. ജീവിതത്തില്‍ ഒരിക്കല്‍പോലും കുത്തിയിരുന്ന് പഠിച്ചിട്ടില്ല. എന്നാല്‍ പഠിക്കുന്നത് ആസ്വദിച്ചായിരിക്കും. കുട്ടികളെ പഠനത്തില്‍ അവരുടെ ഇഷ്ടത്തിന് വിടണമെന്ന അഭിപ്രായക്കാരിയാണ് നന്ദിനി. പഠിക്കാനായി എപ്പോഴും അവരില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ് പിരിമുറുക്കമുണ്ടാകുന്നത്. ഇഷ്ടമുള്ള സമയത്ത് മാത്രം പഠിച്ചാല്‍ മതി.
പക്ഷെ ആ പഠനം ഗൗരവമായി എടുക്കണമെന്നും ഈ മിടുക്കി പറയുന്നു. ഡിഗ്രിക്ക് ഇക്കോണമിക്സായിരുന്നു വിഷയം. ഒന്നാം റാങ്കോടെ പാസായി. എംഎ ചെയ്തത് ചെന്നൈ ലൊയോള കോളേജിലാണ്. ഗോള്‍ഡ് മെഡലോടെയാണ് ഇവിടെ നിന്നും പാസായത്.
എറണാകുളം പാലാരിവട്ടം സ്വദേശിനിയാണ് നന്ദിനി. കളമശേരി എച്ച്എംടി ജീവനക്കാരനായ സി.രഘുവിന്റെയും വിജയലക്ഷ്മിയുടേയും മകളാണ്. ഇളയ സഹോദരന് വിജയകൃഷ്ണന് ബാംഗ്ലൂരില്‍ ബിരുദ വിദ്യാര്‍ത്ഥി. റവന്യൂ സര്‍വ്വീസില്‍ ചേരണമെന്നാണ് നന്ദിനിയുടെ ആഗ്രഹം. സപ്തംബറില്‍ ആരംഭിക്കുന്ന പരിശീലനത്തിനായി കാത്തിരിക്കുകയാണ് നന്ദിനിയിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: