ന്യൂദല്‍ഹി/ പാലക്കാട്: വിമത പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നു പുറത്തു പോയ ജനകീയ വികസന സമിതി ചെയര്മാന് എം.ആര്. മുരളിക്ക് പാര്‍ട്ടിയിലേക്ക് മടങ്ങിവരാമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എന്നാല്‍ സിപിഎമ്മുമായി ലയനത്തിനില്ലെന്നും യോജിച്ചു പ്രവര്‍ത്തിക്കാമെന്നും മുരളി.
വിവിധ ഘട്ടങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയ ആരെങ്കിലും തിരിച്ചു വരണമെന്നു പറഞ്ഞാല്‍ വേണ്ടെന്ന നിലപാടു സിപിഎമ്മിനില്ലെന്നു പിണറായി ദല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. തിരിച്ചുവരണമെന്നു പറയുന്ന കൂട്ടരെ വരാന്‍ പറ്റില്ലെന്നു പറഞ്ഞു പാര്‍ട്ടി വിലക്കില്ല. വരുന്നവരുടെ സാഹചര്യം പരിശോധിച്ചു നിലപാടെടുക്കും. മുരളി ഇത്തരം ആഗ്രഹം പ്രകടിപ്പിച്ചാലും ഇതേ നിലപാടായിരിക്കും സ്വീകരിക്കുക. തിരിച്ചുവരവു മുരളി പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി തീര്‍ച്ചയായും അക്കാര്യം പരിശോധിച്ചു നിലപാടെടുക്കുമെന്നും പിണറായി പറഞ്ഞു.
അതേസമയം സംഘടനാ പ്രശ്നങ്ങളെ തുടര്‍ന്നാണു സിപിഎം വിട്ടതെന്നു മുരളി പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിയോജിപ്പു തുടരുന്നു. അതു പരിഹരിക്കപ്പെട്ടിരുന്നെങ്കില്‍ ഇതിനകം തന്നെ സിപിഎമ്മിലേക്കു തിരിച്ചു പോയേനെ. പൊതു പ്രശ്നങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ യോജിക്കാമെന്നാണു നിലപാട്. എന്നാല്‍ ജനകീയ വികസന സമിതി സിപിഎമ്മില്‍ ലയിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സ്വതന്ത്ര നിലപാടാണു തങ്ങള്‍ക്കുള്ളത്. ഏതെങ്കിലും പാര്‍ട്ടികളില്‍ ലയിക്കുന്ന കാര്യം അജണ്ടയില്‍ ഇല്ലെന്നും മുരളി വ്യക്തമാക്കി.
നേരത്തെ വിഎസ് അച്യുതാനന്ദനും പാലക്കാട് ജില്ലാ നേതൃത്വവും മുരളിയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തിരുന്നു. എംആര്‍ മുരളി സിപിഐഎമ്മിലേക്ക് തിരിച്ചു വരികയാണെങ്കില്‍ നല്ലതെന്നായിരുന്നു വിഎസിന്റെ പ്രതികരണം. മുരളി പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നാല്‍ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഷൊര്‍ണൂരില്‍ അധികാരം പങ്കിട്ടതുമായി ബന്ധപ്പെട്ട് ധാരണ തെറ്റിച്ചെന്നാരോപിച്ചാണ് മുരളി- കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നത്. ധാരണപ്രകാരം ഷൊര്‍ണൂര്‍ നഗരസഭയില്‍ അധികാരക്കൈമാറ്റം ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങളായ വൈസ് ചെയര്‍പേഴ്സണും മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: