കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്തം മാറ്റി കയറ്റിയ രോഗി മരിച്ചു. സംഭവത്തില്‍ സ്റ്റാഫ് നഴ്സ് എ.രഹനയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. രജനി ആന്റണിയോടു വിശദീകരണം തേടാനും തീരുമാനിച്ചു.
കുറ്റിയില്‍ താഴം സ്വദേശി തങ്കമാണ് മരിച്ചത്. മറ്റൊരു രോഗിക്കു നല്‍കേണ്ട രക്തമാണ് തങ്കത്തിനു നല്‍കിയത്. ഒ പോസിറ്റീവ് രക്തത്തിനു പകരം എ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തമാണ് രോഗിയുടെ ശരീരത്തില്‍ കയറ്റിയത്. രക്തം കയറ്റിയതിനു ശേഷം അസ്വാസ്ഥ്യം പ്രകടിപ്പിച്ച തങ്കത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.
27ാം വാര്‍ഡില്‍ കഴിയുന്ന തങ്കമ്മയുടെ ബന്ധുക്കള്‍ രക്തവും മരുന്നും അന്വേഷിച്ചു വന്നപ്പോഴാണ് പിഴവ് സംഭവിച്ച കാര്യം ആശുപത്രി അധികൃതര്‍ക്ക് മനസിലായത്. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യമായതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള വകുപ്പ് മേധാവിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വന്നത്. തങ്കത്തിന് രക്തം നല്കാന് ഡോക്ടറുടെ നിര്‍ദേശം ഇല്ലായിരുന്നെന്നും രക്തബാങ്കില്‍ നിന്നും രക്തം അനുവദിച്ചിരുന്നില്ലെന്നും വകുപ്പ് മേധാവി ജോര്‍ജ് തോമസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതിയാണ് നഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച കണ്ടു പിടിച്ചത്. ഉദര സംബന്ധ ചികിത്സയ്ക്കാണ് തങ്കത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ആരോഗ്യനില മെച്ചപ്പെട്ട തങ്കയോടു വെള്ളിയാഴ്ച ആശുപത്രി വിടാമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടു തങ്കത്തിന്റെ ശരീരത്തില്‍ നഴ്സ് രക്തം കയറ്റുകയായിരുന്നു. തുടര്‍ന്നു അവശയായ തങ്കത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: