ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ മാഞ്ചെസ്റ്റര്‍ ക്ലബ്ബുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടൊന്നും ലീഗിലെ ആവേശക്കാഴ്ച്ചകള്‍ അവസാനിക്കുന്നില്ല. മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി ഒരു ത്രികോണ മത്സരം പൊടിപൊടിക്കുകയാണ്; ചെല്‍സിയും ആഴ്സനലും ടോട്ടനവും തമ്മില്‍. കഴിഞ്ഞ ദിവസം ചെല്‍സിയും ടോട്ടനവും തമ്മിലുള്ള അങ്കം 2-2നു സമനിലയില്‍ പിരിഞ്ഞതോടെ ആരാധകരുടെ പിരിമുറുക്കമേറി.
രണ്ടു തവണ പിന്നിട്ടു നിന്നശേഷമായിരുന്നു ടോട്ടനത്തിന്റെ തിരിച്ചുവരവ്. ഓസ്കറിലൂടെ ചെല്‍സി ആദ്യ മുന്നിലെത്തിയപ്പോള്‍ ഇമ്മാനുവേല്‍ അഡബയോര്‍ ടോട്ടനത്തിനുവേണ്ടി മറുപടി പറഞ്ഞു. റാമിറസ് ഒരിക്കല്‍ക്കൂടെ നീലപ്പടയ്ക്കു മുന്‍തൂക്കം നല്‍കിയെങ്കിലും കളി തീരാന്‍ പത്തുമിനിറ്റുകള്മാത്രം അവശേഷിക്കെ ജെല്‍ഫി സിഗുര്‍ഡ്സന്‍ ടോട്ടനത്തിന്റെ ജീവവായുവായ ഗോളിന് പിറവികൊടുത്തു. 36 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റുള്ള ചെല്‍സിക്ക് ഇതുവരെ മൂന്നാം സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ആഴ്സനലിന് (67 പോയിന്റ്) പിന്നിലായി അഞ്ചാമതുള്ള ടോട്ടനത്തിന്റെ (66) ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷയും കൈയാലപ്പുറത്തുതന്നെ. ഇനി രണ്ടു റൗണ്ടുകള്‍ ലീഗില്‍ അവശേഷിക്കുന്നുണ്ട്.
തുടക്കത്തിലേ മികച്ച ഒത്തിണക്കത്തോടെ കളിച്ച ചെല്‍സി പ്രതീക്ഷ നിര്‍ഭരമായി തുടങ്ങി. ഏഴാം മിനിറ്റില്‍ യുവാന്‍ മാറ്റയുടെ തകര്‍പ്പനടി ടോട്ടനത്തിന്റെ ക്രോസ് ബാറില്‍ സ്പര്ശിച്ചുപോയി. പക്ഷേ അധികം താമസിയാതെ മാറ്റയുടെ കോര്‍ണറിന് തലവച്ച് ഓസ്കാര്‍ ചെല്‍സിക്കു ലീഡ് സമ്മാനിച്ചു (1-0). 26-ാം മിനിറ്റില്‍ ടോട്ടനത്തിനുവേണ്ടി അഡബയോര്‍ വെടിപൊട്ടിച്ചു. സ്കോട്ട് പാര്‍ക്കറുടെ ലോങ്ങ് പാസ് സ്വന്തം പകുതിയില്‍ വച്ചു പിടിച്ചെടുത്ത അഡബയോര്‍ ചെല്‍സി പ്രതിരോധത്തെ ചിന്നഭിന്നമാക്കിയശേഷം തൊടുത്ത മഴവില്‍ ഷോട്ട് വലയില്‍ വിശ്രമിച്ചു (1-1). 39-ാം മിനിറ്റില്‍ റാമിറസിലൂടെ ചെല്‍സി മറ്റൊരു ഗോള്‍കൂടി പോക്കറ്റിലാക്കി (2-1).
രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ ചെല്‍സി കൂടുതല്‍ ലക്ഷ്യബോധത്തോടെ ആക്രമിച്ചു. തിരിച്ചടിച്ച ടോട്ടനംചെല്സി പ്രതിരോധത്തെ അടിക്കടി അങ്കലാപ്പിലാക്കി. ഒടുവില്‍ 80-ാം മിനിറ്റില്‍ സിഗുര്‍ഡ്സന്‍ ടോട്ടനത്തിന് സമനിലയും ഒരുക്കി (2-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: