ധാക്ക: ബംഗ്ലാദേശിലെ മതമൗലികവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവിന് വധശിക്ഷ. 1971ലെ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യസമരത്തില്‍ കൂട്ടക്കൊലയ്ക്കും മനുഷ്യത്വ ഹീനമായ ക്രൂരകൃത്യങ്ങള്‍ക്കും നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് വധശിക്ഷ വിധിച്ചത്.
1971 ജൂലൈ 25ന് സോഹാഗ്പൂര്‍ ഗ്രാമത്തിലെ 164 നിരായുധരായ പൗരന്മാരെ കൂട്ടക്കൊല ചെയ്തതിന് പ്രത്യേക ബംഗ്ലാദേശ് ട്രൈബ്യൂണലാണ് മുഹമ്മദ് ക്വാമറുസ്മാന് വധശിക്ഷ വിധിച്ചതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണം വരെ ഇയാളെ തൂക്കിലിടണമെന്നാണ് കോടതി വിധി. മൂന്ന് ജഡ്ജിമാരടങ്ങിയ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ 2 ലെ ചെയര്മാന് ജസ്റ്റിസ് ഒബെദുള്‍ ഹസ്സനാണ് നിറഞ്ഞുകവിഞ്ഞ കോടതിയില്‍ പ്രതിയുടെ ശിക്ഷ പ്രഖ്യാപിച്ചത്.
ജമാ അത്തെയുടെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കൂടിയായ അറുപതുകാരനായ ക്വാമറുസ്മാന് കേസിലെ നാലാം പ്രതിയാണ്. ഇയാള്‍ പാക്കിസ്ഥാന് സൈന്യത്തോടൊപ്പം ചേര്‍ന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തു എന്നാണ് കുറ്റാരോപണം. വിധി പ്രഖ്യാപിക്കുന്ന സമയത്ത് ഉന്നത കുറ്റകൃത്യവിരുദ്ധ ദ്രുതകര്‍മസേനാ ബറ്റാലിയനും പോലീസും ട്രൈബ്യൂണല്‍ സമുച്ചയത്തിന് ചുറ്റും അതീവജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ധാക്ക പട്ടണത്തിന് പുറത്തുള്ള പഴയ ഹൈക്കോടതി കെട്ടിട സമുച്ചയത്തിലാണ് പ്രത്യേക ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത്. വിധി പ്രഖ്യാപിക്കും ദിവസം ദേശവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ക്വാമറുസ്മാനെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രത്യേക സുരക്ഷാ സന്നാഹത്തോടെയാണ് കോടതിയിലെത്തിച്ചത്.
വടക്കന്‍ മൈമന്‍സിംഗ് പ്രദേശത്ത് ബംഗാളി സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ ബാദര്‍ ഭീകരസംഘടനയുടെ മുഖ്യ ആസൂത്രകനാണ് ഇയാളെന്ന് പ്രോസിക്യൂഷന് അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരാണ് രാജ്യത്തെമ്പാടും കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ ക്വാമറുസ്മാന് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു.
രാഷ്ട്രീയസ്വാധീനങ്ങള്‍ക്ക് വഴങ്ങി പ്രോസിക്യൂഷന് കെട്ടിച്ചമച്ചതാണിതെന്നും അയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിനായിരുന്നു ട്രൈബ്യൂണല്‍ ഏഴ് പ്രത്യേക കുറ്റങ്ങളില്‍ പ്രതിയാണെന്ന് കാണിച്ച് ഇയാള്‍ക്ക് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും നടത്തിയ മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് ഇതില്‍ വിധിയുണ്ടായിരിക്കുന്നതും. കൂട്ടക്കൊലയടക്കം അഞ്ച് കുറ്റങ്ങള്‍ വിചാരണയില്‍ തെളിഞ്ഞതായാണ് 265 പേജുള്ള വിധിന്യായത്തില്‍ പ്രസ്താവിക്കുന്നത്.
സ്വാതന്ത്ര്യ സമരയുദ്ധത്തില്‍ മൂന്ന് ദശലക്ഷം പൗരന്മാര് കൊല്ലപ്പെട്ടതായും രണ്ട് ലക്ഷത്തോളം സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടതായുമാണ് ബംഗ്ലാദേശിന്റെ വിലയിരുത്തല്‍. ലക്ഷക്കണക്കിന് ആള്ക്കാര് ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും അവര്‍ പറയുന്നു. ട്രൈബ്യൂണല്‍ വിധിയെ ശക്തമായി എതിര്‍ത്ത ക്വാമറുസ്മാന്റെ അഭിഭാഷകന് സെയ്ഫുര്‍ റഹ്മാന് ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: