തിരുവനന്തപുരം: അന്തര്‍ സംസ്ഥാന നദീജല വിഷയത്തില്‍ കേരളത്തിലെ മൂന്ന് പത്രങ്ങള്‍ക്കെതിരെ വന്ന ഇന്റലിന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന താത്പര്യത്തിനെതിരായി പത്രങ്ങള്‍ പ്രവര്‍ത്തിച്ചതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
പത്രങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വന്ന പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരത്തിലൊരു റിപ്പോര്‍ട്ട് ഇല്ലെന്നോ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായോ പറഞ്ഞില്ല. ഫലത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പത്രങ്ങള്‍ക്കെതിരായ പരാമര്‍ശമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ പത്രങ്ങളിലെ ഏതെങ്കിലും ലേഖകര്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചതായോ സംസ്ഥാനതാത്പര്യത്തിന് വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായോ തെളിഞ്ഞിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഏതെങ്കിലും രേഖ നഷ്ടപെടുകയോ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് ക്രിമിനല്‍ കുറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പത്രങ്ങള്‍ക്കെതിരായി ഇപ്രകാരം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത് നിര്‍ഭാഗ്യകരമായിപ്പോയി.
ചില പ്രത്യേകസാഹചര്യങ്ങളില്‍ സര്‍ക്കാരിന് ചില സൂചനകള്‍ നല്‍കിക്കൊണ്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നദീജലവുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളിലേക്ക് സൂചന നല്കാന് വേണ്ടിയുളള റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതിനിടയ്ക്ക് വന്നിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ച് തെറ്റായ മാനം നല്കുന്ന വിധത്തിലുള്ള പ്രചാരണമുണ്ടായി.
മാധ്യമസ്ഥാപനങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഇതുമായി ബന്ധമില്ല. പ്രമുഖ പത്രങ്ങളുടെ പത്രാധിപന്മാര് സംസ്ഥാനസര്‍ക്കാരിന് കത്ത് നല്‍കാനിടയായ സാഹചര്യം അതീവഗൗരവമായാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിച്ചത്. നൂറുശതമാനവും കാര്യങ്ങള്‍ വിശകലനം ചെയ്തശേഷമാണ് ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
നിരവധി കാര്യങ്ങളില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിക്കാറുണ്ട്. അവയുടെയെല്ലാം ഉള്ളടക്കം പരസ്യപ്പെടുത്താനാകില്ല. ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും സൂചനകളാണ് തരുന്നത്. അവ ശരിയാവാം, തെറ്റാവാം. നൂറു ശതമാനവും ശരിയാകണമെന്നുമില്ല. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയുമെടുക്കുന്നില്ല, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: