ഹൈദരാബാദ്: ഐപിഎല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിന് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് 224 എന്ന വിജയലക്ഷ്യം ഉയര്‍ത്തി. 52 പന്തുകളില്‍ 11 ഫോറുകളും മൂന്നു സിക്സറുകളുമടക്കം 99 റണ്‍സ് വാരിക്കൂട്ടിയ സുരേഷ് റെയ്നയുടെയും മൈക്കിള്‍ ഹസിയുടെയും (67) പിന്‍ബലത്തില്‍ സൂപ്പര്‍ കിങ്ങ്സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി. എങ്കിലും റെയ്നയ്ക്ക് അര്‍ഹിച്ച സെഞ്ചുറി ലഭിക്കാതെപോയത് ആരാധകരെ നിരാശരാക്കി.
മൈക്കിള്‍ ഹസിയും മുരളി വിജയ്യും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് ചെന്നൈയ്ക്കു നല്‍കിയത്. ആദ്യ അഞ്ച് ഓവറില്‍ ചെന്നൈ ഓപ്പണര്‍മാര്‍ 44 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഇഷാന്ത് ശര്‍മയെ രണ്ടുതവണ അതിര്‍ത്തി കടത്തി ഹസിയാണ് അടി തുടങ്ങിയത്. പിന്നാലെ തിസാര പെരേരയെ വിജയ് ഡബിള്‍ ബൗണ്ടറിക്കു ശിക്ഷിച്ചു. ആ ഓവറില്‍ ഹസിയും ഒരു ഫോറടിച്ചു. ഇഷാന്തിന്റെ അടുത്ത ഓവറില്‍ വിജയ് ഒരുപടികൂടെ കടന്ന് ഹാട്രിക് സിക്സര്‍ പൊക്കി. എന്നാല്‍ അപകട ഭീഷണി ഉയര്‍ത്തിയ വിജയ്യെ പെരേര തിരിച്ചയച്ചു; എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ പാര്‍ഥിപ് പട്ടേലിന്റെ ഗ്ലൗസില്‍ ഒതുങ്ങി. ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയുടെ ആദ്യ ഓവറില്‍ ചെന്നൈയ്ക്ക് അഞ്ച് റണ്‍സ് മാത്രമെ ലഭിച്ചുള്ളു. പിന്നെ എത്തിയ അമിത് മിശ്രയെ ഹസിയും റെയ്നയും ചേര്‍ന്ന് ബൗണ്ടറികളിലൂടെ വരവേറ്റു.
കരണിനെ ഗ്യാലറി കാണിച്ച ഹസി സൂപ്പര്‍ കിങ്ങ്സിന്റെ കുതിപ്പിന് ആക്കം കൂട്ടി. അതേ ഓവറില്‍ മറ്റൊരു സിക്സറടിച്ച് റെയ്നയും ഹസിക്കൊപ്പം ചേര്‍ന്നു. ഇഷാന്ത് ശര്‍മയുടെ ഷോര്‍ട്ട് പിച്ച് ഹസിയുടെ ബാറ്റിലൂടെ നിലംതൊടാതെ പറന്നപ്പോള്‍ മുന്‍ ചാമ്പ്യന്മാക്ക് 10 ഓവറില്‍ തൊണ്ണൂറിന്റെ നിറവ്. റണ്ണൊഴുക്ക് തടയാനെത്തിയ ഡാരന്‍ സമ്മിയെയും റെയ്നയും ഹസിയും വെറുതെവിട്ടില്ല. വിന്‍ഡീസ് താരത്തെ റെയ്ന ബൗണ്ടറിക്കു തൊടുത്തു; ഹസി കാണികള്‍ക്കിടയിലേക്കും. സ്റ്റെയ്നും മിശ്രയും കൃത്യത പാലിച്ചപ്പോള്‍ തുടര്‍ന്നുള്ള മൂന്ന് ഓവറുകളില്‍ ചെന്നൈ റണ്‍ വരള്‍ച്ചയെ അഭിമുഖീകരിച്ചു. വെറും 20 റണ്‍സുകള്‍ മാത്രമേ ഈ സമയം പിറന്നുള്ളു. എന്നിരുന്നാലും പിന്നിട് കിട്ടിയ അവസരത്തില്‍ മിശ്രയെ പ്രഹരിച്ച റെയ്ന ആ ക്ഷീണം ചെറുതായി തീര്‍ത്തു. അതിനു മുന്‍പ് പെരേരയ്ക്കും കിട്ടി രണ്ടടി. ഇഷാന്ത് ശര്‍മയുടെ പുനരാഗമനം ഹസി -റെയ്ന സഖ്യത്തെ കൂടുതല്‍ ഉഷാറാക്കി. റെയ്ന ഇഷാന്തിനെ തല്ലിയൊതുക്കി. ബൗണ്ടറികളും സിക്സറും പെരുമഴപോലെ പെയ്ത ഇഷാന്തിന്റെ ഓവറില്‍ 25 റണ്‍സുകള്‍ ചെന്നൈയുടെ അക്കൗണ്ടിലെത്തി. ഒടുവില്‍ ഹസിയെ ബൗള്‍ഡാക്കി പെരേര 133 റണ്‍സിന്റെ കൂട്ടുകെട്ടു പൊളിച്ചു.
നായകന് മഹേന്ദ്ര സിങ് ധോണി ഇത്തവണ ഇന്ദ്രജാലമൊന്നും കാട്ടിയില്ല. 4 റണ്‍സെടുത്ത മഹിയെ പെരേര കൂടാരം കയറ്റി. അതേസമയം, റെയ്നയ്ക്കൊപ്പം ജഡേജയുംഇന്നിങ്ങ്സിന്റെ അന്ത്യവേളകളില്‍ അടിച്ചു കളിച്ചപ്പോള്‍ ചെന്നൈയ്ക്കു ഉശിരന്‍ സ്കോര്‍ ലഭിച്ചു.
സ്കോര്‍ ബോര്‍ഡ്
സൂപ്പര്‍ കിങ്ങ്സ്: ഹസി ബി പെരേര 67, വിജയ് സി പട്ടേല്‍ ബി പെരേര 29, റെയ്ന നോട്ടൗട്ട് 99, ധോണി സി കരണ്‍ ബി പെരേര 4, ജഡേജ നോട്ടൗട്ട് 14, എക്സ്ട്രാസ് 10. ആകെ-3ന് 223 (20 ഓവര്‍)
വിക്കറ്റ് വീഴ്ച: 1-45, 2-178, 3-183
ബൗളിങ്: സ്റ്റെയ്ന് 4-1-17-0, ഇഷാന്ത് 4-0-66-0, പെരേര 4-0-45-3 , കരണ്‍ ശര്‍മ 2-0-19-0, അമിത് മിശ്ര 4-0-41-0, സമ്മി 2-0-33-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: