ജയ്പൂര്‍: ഹോം ഗ്രൗണ്ടിലെ ആധിപത്യം രാജസ്ഥാന് റോയല്‍സ് തുടര്‍ന്നു. ഐപിഎല്ലില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 9 വിക്കറ്റിന് തച്ചുടച്ച് അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു കുതിച്ചു. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ രാഹുല്‍ ദ്രാവിഡും കൂട്ടരും കുറിക്കുന്ന തുടര്‍ച്ചയായ ഏഴാം ജയംകൂടിയാണ് ഇന്നലത്തേത്. രാഹുല്‍ ദ്രാവിഡും (53) അജിന്‍ക്യ രഹാനെയും (63 നോട്ടൗട്ട്) ആദ്യ വിക്കറ്റില്‍ അടിച്ചുകൂട്ടിയ 108 റണ്‍സുകള്‍ റോയല്‍സിന്റെ പ്രയാണം സുഗമമാക്കി.
ദല്‍ഹിക്കു പതിവുപോലെ എല്ലാം പിഴച്ചു. ബാറ്റ്സ്മാന്മാരും ബൗളര്‍മാരും താന്തോന്നികളുടെ വേഷമണിഞ്ഞപ്പോള്‍ ഒമ്പതാം തോല്‍വി അവരെത്തേടിയെത്തി. അഞ്ചാം വിക്കറ്റില്‍ ബെന്‍ റോഹ്രറും (64 നോട്ടൗട്ട്) കേദാര്‍ യാദവും (23 നോട്ടൗട്ട്) ചേര്‍ത്ത 76 റണ്‍സാണ് ദല്‍ഹിയുടെ സ്കോറിനു മാന്യത നല്‍കിയത്.
ഓപ്പണര്‍ വീരേണ്ടര്‍ സെവാഗും (11) എം. ഗൗതമും (2) ഡേവിഡ് വാര്‍ണറും (13) പ്രതീക്ഷകള്‍ കാക്കാതെ മടങ്ങി. സേവാഗിനെ ജയിംസ് ഫാല്‍ക്നര്‍ ബൗള്‍ഡാക്കിയപ്പോള്‍ ഗൗതമിനെ ഷെയ്ന് വാട്സന്റെ പന്തില്‍ സഞ്ജു വി. സാംസണും വാര്‍ണറെ സ്റ്റ്യൂവര്‍ട്ട് ബിന്നിയുടെ പന്തില്‍ മറ്റൊരു മലയാളി സാന്നിധ്യം സച്ചിന് ബേബിയും പിടിച്ചു. 41ാം വയസില്‍ അരങ്ങേറിയ ലെഗ് സ്പിന്നര്‍ പ്രവീണ്‍ താംബയും റോയല്‍സ് ബൗളര്‍മാരില്‍ തിളങ്ങി.
31 പന്തില്‍ 34 റണ്‍സുമായി ഒരറ്റത്തു പിടിച്ചു നിന്ന നായകന് മഹേല ജയവര്‍ധനെയ്ക്കും (നാല് ഫോര്‍, ഒരു സിക്സര്‍) സുദീര്‍ഘമായ ഇന്നിങ്ങ്സിന് സാധ്യമായില്ല. പിന്നീട് ഒത്തുചേര്‍ന്ന റോഹ്രറും കേദാര്‍ യാദവും റോയല്‍സ് ബൗളര്‍മാരെ മെരുക്കിയെടുത്തു. റോഹ്രര് ഒമ്പതു ഫോറുകളും ഒരു സിക്സറുംസ്വന്തമാക്കി.
സ്കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സ് തടയില്ലാത്ത നദിപോലെ ഒഴുകി നീങ്ങി.ദ്രാവിഡും രഹാനെയും ഒരിക്കല്‍പ്പോലും സമ്മര്‍ദത്തിന് അടിമപ്പെട്ടില്ല. ദ്രാവിഡ് ഏഴു ഫോറുകള്‍ നേടി; രഹാനെ അഞ്ചു ഫോറുകളും ഒരു സിക്സറും കുറിച്ചു.
14 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്സറും പറത്തിയ വാട്സനും കത്തിക്കയറിയപ്പോള്‍ റോയല്‍സ് വിജയം ഉറപ്പിച്ചു.
ദല്‍ഹി ബൗളര്‍മാരില്‍ പേസര്‍ സിദ്ധാര്‍ഥ കൗള്‍, പവന് നെഗി എന്നിവര്‍ കണിശതകാത്തു. മോണി മോര്‍ക്കല്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി. രഹാനെ കളിയിലെ കേമന്‍.
സ്കോര്‍ ബോര്‍ഡ്
ഡെയര്‍ ഡെവിള്‍സ്: ജയവര്‍ധനെ സി ദ്രാവിഡ ബി ത്രിവേദി 34, സേവാഗ് ബി ഫാല്‍ക്നര്‍ 11, ഗൗതം സി സഞ്ജു ബി വാട്സന് 2, വാര്‍ണര്‍, സി സച്ചിന്‍ബേബി ബി ബിന്നി 13, റോഹ്റര് നോട്ടൗട്ട് 64, ജാദവ് നോട്ടൗട്ട് 23, എക്സ്ട്രാസ് 7. ആകെ 4ന് 154 (20 ഓവര്‍).
വിക്കറ്റ് വീഴ്ച്ച: 1-19, 2-22, 3-47, 4-78
ബൗളിങ്: ടൈറ്റ് 3-0-39-0, ഫാല്‍ക്നര്‍ 4-0-38-1, വാട്സന് 3-0-21-2, ബിന്നി 2-0-3-1, താംബെ 4-0-30-0, ത്രിവേദി 4-0-21-1.
റോയല്‍സ്: ദ്രാവിഡ് സി അഗാര്‍ക്കര്‍ ബി കൗള്‍ 53, രെഹാനെ നോട്ടൗട്ട് 63, വാട്സന് നോട്ടൗട്ട് 28. എക്സ്ട്രാസ് 11, ആകെ 1ന് 155 (17.5).
വിക്കറ്റ് വീഴ്ച്ച: 1-108
ബൗളിങ്: കൗള്‍ 3.5-1-23-1, ഉമേഷ് 3-0-28-0, മോര്‍ക്കല്‍ 4-0-40-0, അഗാര്‍ക്കര്‍ 2-0-22-0, നെഗി 4-0-28-0, റോഹ്രര് 1-0-12-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: