ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേരെ ഭീകരാക്രമണം. ഹംഗു ജില്ലയില്‍ ജമാ അത്ത് ഉലമ ഇസ്ലാം സംഘടിപ്പിച്ച റാലിയില്‍ നടന്ന സ്ഫോടനത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ദോബയിലായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. യോഗത്തിനെത്തിയ സ്ഥാനാര്‍ത്ഥി മുഫ്ത്തി സെയ്ദ് ജനനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്.
എന്നാല്‍ പരിക്കുകളൊന്നുമില്ലാതെ ജനന് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകര്‍ക്ക് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ 11 കുട്ടികളും ഉള്‍പ്പെടുന്നതായി പാക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഹംഗു ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റാലിക്കിടയിലേക്ക് ബോംബ് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളുമായി ചാവേര്‍ ഇടിച്ചുകയറുകയായിരുന്നു.
ആദിവാസി മേഖലയായ ഖുറാമില്‍ ജെയുഐ സംഘടിപ്പിച്ച റാലിയിലും കഴിഞ്ഞ ദിവസം സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയതായി അധികൃതര്‍ വ്യക്തമാക്കി. ഈ ആക്രമണത്തിന്റെ ഉത്തരാവാദിത്തം പാക് താലിബാന് ഏറ്റെടുത്തിട്ടുണ്ട്. ജെയുഐ സ്ഥാനാര്‍ത്ഥി മുനീര്‍ ഒര്കസായിയെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്നും താലിബാന് വ്യക്തമാക്കി.
ഇതിനിടെ പെഷവാറില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് നേരെയും ആക്രമണമുണ്ടായി. ബാബാ ഗാം ഗ്രാമത്തില്‍ സംഘടിപ്പിച്ച റാലിക്ക് നേരെയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ മൂന്ന് പേര് മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. താലിബാന്റെ ശക്തമായ ഭീഷണി വക വയ്ക്കാതെയാണ് പിപിപി ഉള്‍പ്പെടെയുള്ള പ്രധാനപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ശനിയാഴ്ചയാണ് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് അടുക്കവെ വിവിധ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് റിലകള് ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ പാക്കിസ്ഥാനില്‍ പതിവാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: