ടെഹ്റാന്: ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപിനുള്ള അരങ്ങ് ഒരുങ്ങുന്നു. കാലാവധി പൂര്‍ത്തിയാക്കുന്ന പ്രസിഡന്റ് അഹമ്മദി നെജാദിനുശേഷം ഇറാന് ആത്മീയ നേതാവ് അയത്തുള്ള ഖമേനിയുടെ പിന്തുണയോടെ എത്തുന്ന സ്ഥാനാര്‍ത്ഥിക്കായി ചര്‍ച്ചകള്‍ ചൂടുപിടിച്ചുകഴിഞ്ഞു. ഇറാനിലെ ഭരണഘടനാപ്രകാരം ഒരാള്‍ക്ക് രണ്ടിലധികം തവണ പ്രസിഡന്റാകാന്‍ സാധിക്കില്ല. ഈ കാലാവധി പൂര്‍ത്തീകരിച്ചാണ് നെജാദ് പടിയിറങ്ങുന്നത്. പുരോഹിത നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നെജാദ് ഇപ്പോള്‍ തന്റെ ബന്ധുകൂടിയായ അഫ്സന്ദ്യാര് റഹിം മഷായിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തിരക്കിലാണ്. മഷായിക്ക് പിന്തുണ തേടി രാജ്യം മുഴുവന്‍ നെജാദ് സഞ്ചരിക്കുകയും ചെയ്തു. ഇതോടെ നിലവിലുള്ള രാഷ്ട്രീയ നേതൃത്വവും രാജ്യത്തെ പൗരോഹിത്യ സമ്പ്രദായത്തില്‍ കൊടുങ്കാറ്റ് അഴിച്ചുവിടുമെന്ന് ഉറപ്പായി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കുമെന്ന് ഇറാന് ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തു. 11-ാം തീയതിവരെ രജിസ്റ്റര്‍ ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സമയം ലഭിക്കും. 12 ന് ആരംഭിക്കുന്ന പത്രികകളുടെ സൂക്ഷ്മപരിശോധന 16 ന് അവസാനിക്കും. ഇറാന്റെ ഗാര്ഡിയന് കൗണ്‍സിലാണ് പത്രികകള്‍ പരിശോധിക്കുക. കൗണ്‍സലിന്റെ തീരുമാനത്തെ ചോദ്യംചെയ്യാനും സ്ഥാനാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്. 17 മുതല്‍ 21 വരെ ഇതിനുള്ള അവസരമൊരുങ്ങും. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സ്ഥാനാര്‍ത്ഥികളുടെ പേര് വിവരം പ്രഖ്യാപിക്കും.
മെയ് 24 ന് ആരംഭിക്കുന്ന പ്രചാരണം ജൂണ്‍ 12 ന് അവസാനിക്കും. തുടര്‍ന്ന് 14 ന് തെരഞ്ഞെടുപ്പ് നടക്കും. ഇതുവരെ ഇരുപത്തഞ്ചോളം രാഷ്ട്രീയനേതാക്കള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. നാലുവര്‍ഷ കാലാവധിയാണ് ഇറാനില്‍ പ്രസിഡന്റിനുള്ളത്.
ഇറാന്റെ ആത്മീയ നേതൃത്വവുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഇടഞ്ഞുനില്‍ക്കുന്ന അഹമ്മദി നെജാദ് പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക എന്നതാകും പുരോഹിതവര്‍ഗത്തിന്റെ നയം. ഇറാനിലെ രാഷ്ട്രീയ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പരമാധികാരിയാവില്ല. ആത്മീയ നേതൃത്വത്തിനു ശേഷമാണ് രാഷ്ട്രീയ നേതാവിന് സ്ഥാനം.
നെജാദ് ഉയര്‍ത്തിക്കൊണ്ടുവരുന്ന മഷായിയെ ഖമേനി അംഗീകരിക്കുമോ എന്ന കാര്യം ഈ മാസം 21 ന് മുമ്പ് അറിയിക്കാന്‍ കഴിയും. മത്സരത്തില്‍ മഷായിക്ക് അയോഗ്യത കല്‍പ്പിക്കപ്പെടാന്‍ സാധ്യതയേറെയാണ്. അഥവാ അനുവദിക്കപ്പെട്ടാല്‍ ജയിക്കാനുള്ള സാധ്യതയുമുണ്ടാവില്ലെന്ന് മറ്റുള്ളവര്‍ പറയുന്നു. എന്നാല്‍ മഷായിക്ക് പിന്തുണ സംഘടിപ്പിക്കാനായി നെജാദ് പരിശ്രമിക്കുകയാണ്. ഇറാനിലെ ആത്മീയ നേതൃത്വവുമായി പൊരുത്തപ്പെടാനാവാത്ത വ്യക്തിത്വം എന്ന വിശേഷണമാണ് ഇപ്പോള്‍ മഷായിക്കുള്ളത്. ആത്മീയ നേതൃത്വത്തിന്റെ ആശയങ്ങളെ ചോദ്യംചെയ്യാന്‍ ശേഷിയുള്ള വ്യക്തിയായും മഷായിയെ വിശേഷിപ്പിക്കപ്പെടുന്നു.
ആശയസംഘട്ടനം അതിര്‍വരമ്പുകള്‍ തകര്‍ക്കാവുന്ന തെരഞ്ഞെടുപ്പാകും ഇറാനില്‍ നടക്കാനിടയുള്ളത്. അല്ലെങ്കില്‍ ആത്മീയ നേതൃത്വത്തിന്റെ അടിച്ചമര്‍ത്തല്‍ ഉണ്ടാവണം. ഇറാന്റെ നിലപാടുകളില്‍ ഉണ്ടാകാവുന്ന മാറ്റം മേഖലയെ തന്നെ സ്വാധീനിക്കും. അതിനാല്‍ ലോകം താല്പര്യത്തോടെയാണ് ഇറാന് തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: