ശാസ്താംകോട്ട: ശരശയ്യയില്‍ അകാലമൃത്യു കാത്ത്കഴിയുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ ദിനങ്ങള്‍ ഇതിനകം എണ്ണപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിന്റെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും നെഞ്ചൊന്നു പിടയും. ജലസമൃദ്ധിയില്‍ ഇളംകാറ്റില്‍ കുഞ്ഞോളങ്ങള്‍ തീര്‍ത്ത തടാകം ഇന്ന് വറ്റിവരണ്ട് ചെളിക്കുണ്ടായി. തടാകത്തിന്റെ ശാലീനസൗന്ദര്യത്തെ വാനോളം പുകഴ്ത്തിയ കവികള്‍ ഇന്ന് കണ്ഠം ഇടറി ചരമഗീതം പാടുന്നു.
ഈ കൊടുംക്രൂരതയ്ക്ക് ഉത്തരവാദികള്‍ ആര്? സംരക്ഷണ പ്രഖ്യാപനം നടത്തിയവര്‍, കുന്നിടിച്ചും മണലൂറ്റിയും കോടീശ്വരന്മാരായവര്, അവര്‍ക്ക് ഒത്താശ ചെയ്ത രാഷ്ട്രീയക്കാര്‍, കോഴവാങ്ങി കണ്ണടച്ചുകൊടുത്ത ഉദ്യോഗസ്ഥര്‍, ഇല്ലാത്ത ജലം പരിധിവച്ച് പമ്പ്ചെയ്ത് എടുത്തവര്‍ തുടങ്ങി തടാകത്തിന്റെ നാശത്തിന് ഒത്താശ ചെയ്ത എല്ലാവരും സര്‍വശക്തനു മുന്നില്‍ സമാധാനം പറയേണ്ടിവരും.
ഉല്‍ക്ക പതിച്ചോ ഭൂകമ്പം മൂലമോ ഉണ്ടായതാകാം തടാകം എന്ന് ചരിത്രം പറയുന്നു. അഷ്ടമുടിക്കായലിന്റെ മുന്‍പുണ്ടായിരുന്ന രണ്ട് മുടികള്‍ വേര്‍പെട്ടതാണെന്നും വാദമുണ്ട്. 1965ലെ ഇന്റോ നോര്‍വീജിയന്‍ പദ്ധതിയില്‍ കിഴക്ക് തെക്ക് ഭാഗങ്ങളെ ബണ്ട് കെട്ടി വേര്‍തിരിച്ച് പുതിയ ജലപദ്ധതി തുടങ്ങി. അന്ന് തടാകത്തിന്റെ ആഴം അളക്കാന്‍ കഴിയുമായിരുന്നില്ല. കണ്ണീര് കണക്കെ കരകവിഞ്ഞ് അന്ന് തെളിനീരായിരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ ശുദ്ധജലതടാകമെന്ന ഔദ്യോഗിക സ്ഥാനം ഇതോടെയാണ് ശാസ്താംകോട്ട തടാകത്തിന് ലഭിച്ചത്.
2002ല്‍ ലോകത്തെ പ്രമുഖ തണ്ണീര്‍തടങ്ങളെ നിശ്ചയിക്കുന്ന റാംസാര്‍ കണ്‍വെന്‍ഷനില്‍ ശാസ്താംകോട്ട തടാകം തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഭാരതത്തിലെ 27 റാംസാര്‍ സൈറ്റുകളില്‍ ഒന്നായി ഇത്. ഇരുപതില്പരം കുന്നുകള്‍ക്ക് നടുവില്‍ 20 കിലോമീറ്റര്‍ തീരനീളത്തില്‍ തടാകം പരന്നു കിടക്കുന്നു. തടാകത്തിലെ കാര്ബോബോറസ് ലാര്‍വയുടെ സാന്നിധ്യത്തിന് പല മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ അത്ഭുതകരമായ പല വൈവിധ്യങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു തടാകം.
എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായാണ് തടാകത്തിന്റെ തകര്‍ച്ച തുടങ്ങിയത്. പായല്‍ വളരാന്‍ തുടങ്ങി, നത്തങ്ങ പോലെയുള്ള ജലജീവികള്‍ കൂട്ടമായി ചത്തൊടുങ്ങി, ഏട്ട പോലുള്ള പല മത്സ്യങ്ങളും അപ്രത്യക്ഷമായി. ജലനിരപ്പ്കൂടി താഴ്ന്ന് തുടങ്ങിയതോടെ അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നു. കോടികളുടെ സംരക്ഷണ പദ്ധതികള്‍ പലതവണയായി പ്രഖ്യാപിക്കപ്പെട്ടതല്ലാതെ ഒന്നും ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുംവരള്ച്ചയുണ്ടായപ്പോഴും തടാകത്തിന് ഒന്നും സംഭവിച്ചില്ല. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് തടാകം കൂപ്പുകുത്താന്‍ തുടങ്ങിയത് ഈ പത്തുവര്‍ഷത്തിനുള്ളിലാണ്. ഇന്ന് തടാകസ്ഥിതി പരമദയനീയമാണ്. വെള്ളം ഉള്ളിലേക്ക് വലിഞ്ഞ് തടാകം ചെളിക്കുണ്ടായി. തീരവാസികള്‍ക്ക് ഒരുകുടം വെള്ളം പോലും തടാകത്തില്‍ നിന്നും എടുക്കാന്‍ കഴിയാത്തവിധം തീരത്ത് ചെളി നിറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ശാസ്താംകോട്ട ധര്‍മ്മശാസ്താവിന്റെ ഈ വര്‍ഷത്തെ ആറാട്ടിന് ദേവന്റെ തിടമ്പ് തടാകത്തിലിറക്കാനായില്ല. ഒടുവില്‍ പ്ലാസ്റ്റിക് കവറില്‍ വെള്ളം കൊണ്ടുവന്നാണ് ആറാട്ട് നടത്തിയത്.
സമുദ്രനിരപ്പില്‍ നിന്നും ഒരുമീറ്ററോളം താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തടാകത്തെ തെക്കേത്തീരങ്ങളിലെ സംരക്ഷണ കുന്നുകളായ കല്ലട കുന്നുകള്‍ ഇടിച്ച് നിരത്തിയതോടെയാണ് ജലനിരപ്പ് താഴാന്‍ തുടങ്ങിയതെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുന്നുകളില്‍ നിന്നും മണ്ണെടുത്തും കല്ല്വെട്ടിയും കരാറുകാര്‍ കോടീശ്വരന്മാരായി. ഏകദേശം ഈ കാലയളവില്‍ തന്നെയാണ് തടാകത്തിന്റെ തെക്കന്‍ പ്രദേശമായ പടിഞ്ഞാറെ കല്ലടയില്‍ പുഞ്ചകളില്‍ നിന്നും മണലൂറ്റ് തുടങ്ങിയത്. ഉഗ്രശേഷിയുള്ള മോട്ടോറുകള്‍ ഉപയോഗിച്ച് ആഴത്തില്‍ മണലൂറ്റി പുഞ്ചപ്പാടങ്ങള്‍ അഗാധഗര്‍ത്തങ്ങളായി. തടാകത്തിന്റെ അടിത്തട്ടിനേക്കാള്‍ ആഴത്തില്‍ മണലെടുത്ത കുഴികള്‍ താണതോടെ തടാകജലം അവിടേക്ക് വലിഞ്ഞതായും പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ തടാകത്തിന്റെ കിഴക്കന്‍ പ്രദേശമായ ചേലൂര്‍ പുഞ്ചയും അനധികൃത മണല്‍ഖനനം മൂലം കുഴികളായതോടെ തടാകജലം അവിടേക്കും വലിഞ്ഞു.
ഈ സ്ഥിതിയില്‍ തടാകജലനിരപ്പ് ഭാഗികമായി താഴ്ന്നതോടെയാണ് കൂനിന്മേല് കുരുവെന്നപോലെ ചവറ- പന്മന ജലപദ്ധതി തുടങ്ങിയത്. പുതിയ ജലപദ്ധതി തുടങ്ങിയതോടെ തടാകജലനിരപ്പ് ഒരിക്കലും മെച്ചപ്പെട്ടിട്ടില്ല. കൊല്ലം കോര്‍പ്പറേഷനിലേക്കും പുതിയ ചവറ- പന്മന കുടിവെള്ളപദ്ധതിക്കുമായി പ്രതിദിനം നാലരകോടി ലിറ്റര്‍ ജലം 24 മണിക്കൂര്‍ പമ്പിംഗ് വഴി ഊറ്റിയെടുക്കുന്നു.
9.34 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതി വരുന്ന തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് 2008ലെ കണക്ക്പ്രകാരം 3.77 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് ജല വിസ്തൃതി. 2002ല്‍ ഇത് 4.14 ചതുരശ്ര കിലോമീറ്ററായിരുന്നു. 1997ലെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ തടാകത്തിന്റെ ആഴം 14 മീറ്ററായിരുന്നു. എന്നാല്‍ 2010ലെ പഠനറിപ്പോര്‍ട്ടില്‍ ഇത് കുത്തനെ താഴ്ന്ന് ഏഴുമീറ്റര്‍ വരെയായി. ഇതിന് ശേഷം തടാക ജലനിരപ്പ് താഴ്ന്നതല്ലാതെ ഒരുമില്ലീമീറ്റര്‍ പോലും ഉയര്‍ന്നിട്ടില്ല.
രണ്ടുവര്‍ഷം മുന്‍പ് ഇതേപോലെ ഒരു കൊടുംവരള്ച്ചാവേളയില് സര്‍ക്കാര്‍ ഒരു മാസ്റ്റര്‍പ്ലാന്‍ തടാക സംരക്ഷണത്തിനായി തയാറാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്ന് ജലവിഭവ മന്ത്രിയായിരുന്ന എന്‍.കെ. പ്രേമചന്ദ്രന് മുന്‍കൈയെടുത്ത് സിഡബ്ല്യുഅര്ഡിഎമ്മിനെക്കൊണ്ട് പഠനം നടത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. അത് അവിടംകൊണ്ട് അവസാനിച്ചതല്ലാതെ ഒരു പുരോഗതിയും ഉണ്ടായില്ല. അന്നത്തെ പഠനറിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല അതോടൊപ്പം തടാകത്തിന് വേണ്ടി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം പുറംകാലിന് തട്ടി സര്‍ക്കാരും പിന്മാറി. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ തടാകത്തിനായി അഞ്ചുകോടിരൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
ഒരു പതിറ്റാണ്ടിലേറെയായി തടാകസംരക്ഷണത്തിന് പൊതുജനം മുറവിളികൂട്ടുന്നു. അവര്‍ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്തു. അപ്പോഴൊക്കെ മുഖംതിരിഞ്ഞു നിന്നവര്‍ ഇപ്പോള്‍ തടാകത്തിന് വേണ്ടി മുറവിളി കൂട്ടുന്നുണ്ട്. ജനകീയ കൂട്ടായ്മയ്ക്ക് വട്ടംകൂട്ടുന്ന രാഷ്ട്രീയക്കാരും ആത്മാര്‍ത്ഥമായി മുന്‍പേ തന്നെ ഇക്കാര്യത്തിന് പരിശ്രമം തുടങ്ങിയെങ്കില്‍ തടാകം ഇങ്ങനെയാവില്ലായിരുന്നു. തടാകത്തിന്റെ കൊലയാളികളായ മണലൂറ്റിനും മണ്ണെടുപ്പിനും ഒത്താശ ചെയ്തവര്‍ ഇന്ന് സംരക്ഷണ പ്രക്ഷോഭത്തിന്റെ മേലങ്കിയണിഞ്ഞപ്പോള്‍ അതിനെ ജനം പുച്ഛിച്ചു തള്ളിയാല്‍ തെറ്റുപറയാനാകില്ല.
എം.എസ്. ജയചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: