മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വയാഡോലിദിനെ കീഴടക്കിയ റയല്‍ മാഡ്രിഡ് കിരീടത്തിനായുള്ള ബദ്ധവൈരി ബാഴ്സലോണയുടെ കാത്തിരിപ്പ് നീട്ടി.
34 മത്സരങ്ങള്‍ കളിച്ച റയലിനിപ്പോള്‍ 77 പോയിന്റുണ്ട്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സയെക്കാള്‍ (85) എട്ട് പോയിന്റിനു പിന്നില്‍. ബെറ്റീസിനെ കീഴടക്കിയാലും ലീഗില്‍ നാലു മത്സരങ്ങള്‍ അവശേഷിക്കെ ബാഴ്സയ്ക്ക് ജേതാക്കളുടെ പട്ടം ഉറപ്പിക്കാനാവില്ല.
സാന്റിയാഗോ ബര്‍ണബ്യൂവിലെ സ്വന്തം തട്ടകത്തില്‍ ഹോസെ മൗറീഞ്ഞോയുടെ താരക്കൂട്ടത്തെ വയാഡോലിദ് ശരിക്കു വിറപ്പിച്ചുകളഞ്ഞു.
തുറുപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളില്ലാതിരുന്നെങ്കില് റയല്‍ നാണംകെട്ടേനെ.
കളിയുടെ എട്ടാം മിനിട്ടില്‍ സമി ഖെദേരിയയുടെ പാസ് പിടിച്ചെടുക്കാന്‍ റിക്കാര്‍ഡോ കര്‍വാലോ പരാജയപ്പെട്ടപ്പോള്‍ അവസരം മുതലെടുത്ത ഓസ്കാര്‍ റയലിന്റെ വലയില്‍ പന്തെത്തിച്ചു (1-0).
എന്നാല്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ റയല്‍ എതിരാളിയെ സമ്മര്‍ദത്തിലാക്കി. 26-ാം മിനിട്ടില്‍ മാര്‍ക്കോ വാലിയെന്റയുടെ സെല്‍ഫ് ഗോള്‍ റയലിനു സമനില നല്കി. എയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് വാലിയെന്റയെസ്പര്ശിച്ച് വയാഡോലിദിന്റെ വലയില്‍ (1-1).
പിന്നാലെ ക്രിസ്റ്റ്യാനോ ഗോള്‍ഷീറ്റില്‍; റയലിനു ലീഡ് (2-1). എന്നാല്‍ ജാവി ഗുയേറ സന്ദര്‍ശകര്‍ക്കുവേണ്ടി തിരിച്ചടിച്ചു (2-2). രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാകയിലൂടെ റയല്‍ വീണ്ടും മുന്നില്‍ (3-2). 70-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഡബിള്‍ തികയ്ക്കുമ്പോള്‍ റയല്‍ ജയംഉറപ്പിച്ചു( 4-2).
ലീഗില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ ഗോള്‍ നേട്ടം ഇതോടെ 33ആയി ഉയര്‍ന്നു. പക്ഷേ, ഫൈനല്‍ വിസിലിനു മൂന്നു മിനിട്ടുകള്‍ അവശേഷിക്കെ സസ്ട്രെ വയാഡോലിദിന്റെ പരാജയഭാരം കുറച്ചു (4-3).
പ്രതികരിക്കാൻ ഇവിടെ എഴുതുക: