കൊടകര : രാഷ്ട്രത്തിന്റെ സംസ്കാരത്തിനനുയോജ്യമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് നമുക്കാവശ്യമെന്നും അത്തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് ഭാരതീയ വിദ്യാനികേതനെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് അഭിപ്രായപ്പെട്ടു. ജനിക്കുകയും ആഹാരം തേടുകയും ജീവിക്കുകയും തലമുറയെ സൃഷ്ടിക്കുകയുമെല്ലാം മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും ചെയ്യുന്നുണ്ട്. സാംസ്കാരാധിഷ്ഠിതവും ധര്‍മ്മാധിഷ്ഠിതവുമായ ജീവിതമാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ധര്‍മ്മമില്ലെങ്കില്‍ മനുഷ്യന് മൃഗസമാനന് തന്നെയാണെന്നും മോഹന്‍ജി ഭാഗവത് പറഞ്ഞു. ധര്‍മ്മം സ്വയം ആചരിക്കുകയും അത് അന്യരിലേക്ക് പകര്‍ന്നുകൊടുക്കുകയുമാണ് ആചാര്യധര്‍മ്മം. അത്തരത്തിലുള്ള ആചാര്യന്മാരെ സൃഷ്ടിച്ചെടുക്കലാണ് വിദ്യാനികേതന്റെ ആചാര്യപ്രശിക്ഷണശിബിരങ്ങളില് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊടകര സരസ്വതി വിദ്യാനികേതനില്‍ നടന്നുവരുന്ന അദ്ധ്യാപകര്‍ക്കായുള്ള 40 ദിവസം നീണ്ടുനില്‍ക്കുന്ന ആചാര്യ പ്രശിക്ഷണ്‍ ശിബിരത്തില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരാതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.ആര്.രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് ജി.സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, സഹപ്രാന്ത പ്രചാരക് എസ്.സുദര്ശന്, വേദഗണിത അഖിലഭാരത സംയോജക് വീരേന്ദ്രറാവു ദേശ്മുഖ്, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: