ഇസ്ലാമാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാന് പീപ്പിള്‍ പാര്‍ട്ടിയുടെ നേതാവും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാന് വിട്ടു. ബിലാവല്‍ വിദേശ പര്യടനത്തിന് പോയെന്നും മെയ് 11 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിലാവല്‍ രാജ്യത്തുണ്ടാവില്ലെന്നും ഒരു മാധ്യമ റിപ്പോര്‍ട്ട് പറയുന്നു. ബിലാവലിന്റെ ജീവനുനേരെയുള്ള ഭീഷണിയെത്തുടര്‍ന്ന് യോഗങ്ങളിലും പ്രകടനങ്ങളിലും അദ്ദേഹം പ്രസംഗിക്കില്ലെന്ന് പിപിപിയെ ഉദ്ധരിച്ചുകൊണ്ട് ഡോണ്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സുരക്ഷാ ഭീഷണി ശക്തമായതിനാല്‍ ബിലാവല്‍ തെരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കേണ്ടെന്ന് പാര്‍ട്ടിയില്‍ സമവായമുണ്ടായതിനാല് അദ്ദേഹത്തെ ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പിപിപി നേതാവ് താജ് ഹൈദര്‍ സ്ഥിരീകരിച്ചു. “ബേനസീര്‍ ഭൂട്ടോയെ ഞങ്ങള്‍ക്ക് നഷ്ടമായി. ബിലാവലിനേയും നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല. അദ്ദേഹത്തിന് എതിരായ വധഭീഷണി വളരെ വ്യക്തമാണ്”- ഹൈദര്‍ പറഞ്ഞു.
പാക്കിസ്ഥാന് വിട്ട ബിലാവല്‍ ഇപ്പോള്‍ എവിടെയാണെന്ന് ഹൈദര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈയാഴ്ച ആദ്യം തന്നെ പാക്കിസ്ഥാന് വിട്ടതായി പിപിപി വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 11 ന് മുമ്പ് അദ്ദേഹം തിരിച്ചെത്തില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
പിപിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാവുമെന്നും എന്നാല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കില്ലെന്നും ഏപ്രില്‍ 23 ന് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ബിലാവല്‍ വ്യക്തമാക്കിയിരുന്നു. “നിങ്ങള്‍ക്കിടയില്‍ ജീവിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം എന്റെ രാജ്യത്തിന്റെ തെരുവീഥികളില്‍ പ്രചാരണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു…… പക്ഷെ നമ്മെളൊരു ചിന്താഗതിക്കെതിരായ പോരാട്ടത്തിലാണ്,” ബിലാവല്‍ അഭിപ്രായപ്പെട്ടു.
തന്റെ മുത്തച്ഛനേയും അമ്മയേയും വധിച്ചവര്‍ തന്നേയും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ബിലാവല്‍ അവകാശപ്പെടുകയുണ്ടായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2007 ലാണ് ബേനസീര്‍ ഭൂട്ടോ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ബിലാവല്‍ രാജ്യംവിട്ടുപോയിരുന്നു. പിതാവും പാക് പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയുമായുള്ള രാഷ്ട്രീയ അഭിപ്രായ ഭിന്നതകളാണ് നാടുവിടാന്‍ ബിലാവലിനെ പ്രേരിപ്പിച്ചതെന്ന് അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സര്‍ദാരിയുടെ സഹോദരിയുമായും ബിലാവല്‍ അത്ര രസത്തിലല്ലായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
എന്നാല്‍ അവയെല്ലാം നിഷേധിച്ച പിപിപി സുരക്ഷാ കാരണങ്ങളാലാണ് ബിലാവല്‍ ദുബായിയിലേക്ക് പോയതെന്ന് വിശദീകരിച്ചു. പിന്നീട് സര്‍ദാരി നേരിട്ടുചെന്ന് ബിലാവലിനെ മടക്കിക്കൊണ്ടുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: