ന്യൂദല്‍ഹി: ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ചു കയറുന്നതിനു മുന്നോടിയായി മൂന്നിടങ്ങളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകളെക്കുറിച്ചും ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ചൈന സൂക്ഷ്മ പരിശോധന നടത്തിയെന്ന് തെളിഞ്ഞു. അതിര്‍ത്തിയില്‍ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ള ചാരവിമാനങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇതു വ്യക്തമായി.
ഏപ്രില്‍ മധ്യത്തോടെ ചൈനീസ് സൈന്യത്തിന്റെ മൂന്ന് പ്ലാറ്റൂണുകള്‍ ദൗലത് ബെഗ് ഓള്‍ഡി സെക്ടറിലെ ഇന്ത്യന്‍ പ്രദേശത്ത് ഒരേസമയം അതിക്രമിച്ചുകയറി. അതിനു മുന്‍പ് ഇന്ത്യന്‍ പോസ്റ്റുകളുടെ സ്ഥാനങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും കുറിച്ച് അവര്‍ പരിശോധന നടത്തിയിരുന്നു. രണ്ടു പ്ലാറ്റൂണുകള്‍ ചൈനീസ് സേനാ താവളങ്ങളിലേക്ക് മടങ്ങിപ്പോയി. ഒരു വിഭാഗം 19 കിലോമീറ്റര്‍ ഉള്ളില്‍ക്കടന്ന് വടക്കന്‍ ലഡാക്കിലെ അതിനിര്‍ണായകമായ ഡെപ്സാങ്ങ് ബള്ഗില് ടെന്റുകള്‍ സ്ഥാപിച്ചു.
അതേസമയം, നിയന്ത്രണരേഖയിലെ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നു. ഏപ്രില്‍ 15നു മുന്‍പ് നിലയുറപ്പിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് തിരിച്ചുപോകണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. ചുമ്മാര്‍ സെക്ടറിലെ നിരീക്ഷണ പോസ്റ്റുകള്‍ ഇന്ത്യ പൊളിച്ചുമാറ്റിയെ മതിയാവു എന്ന നിലപാടിലാണ് ചൈനീസ് ഭരണകൂടം. ഈ സാഹചര്യത്തില്‍ കരസേനാമേധാവി ബിക്രംസിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനുമായി വെള്ളിയാഴ്ച്ച ലഡാക്കിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: