കോട്ടയം: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നെന്ന് കെഎസ്ടിഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേമനിധി ബോര്‍ഡിലെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. തയ്യല്തൊഴിലാളികളെ സഹായിക്കാന്‍ രൂപം കൊടുത്ത ബോര്‍ഡ് നിഷ്ക്രിയമാണ്.
ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും പുതിയ രജിസ്ട്രേഷന് പുനഃരാരംഭിക്കുകയും വേണം.
ക്ഷേമനിധി ബോര്‍ഡില്‍ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണം. പത്തൊന്‍പതു വര്‍ഷം തുടര്‍ച്ചയായി ക്ഷേമനിധി ബോര്‍ഡില്‍ പണമടയ്ക്കുന്ന തയ്യല്തൊഴിലാളിക്ക് 400രൂപയാണ് പെന്ഷന് ലഭിക്കുന്നത്. പെന്‍ഷനിലെ അപാകതകള്‍ പരിഹരിച്ച് പെന്‍ഷന്‍തുക അയ്യായിരം രൂപയായി ഉയര്‍ത്തണം. തയ്യല്‍തൊഴിലാളികളുടെ ആവശ്യങ്ങളോട് തൊഴില്‍മന്ത്രി നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്.
പത്രസമ്മേളനത്തില്‍ കേരളാ സ്റ്റേറ്റ് ടെയിലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍.ദേവരാജന്‍, സെക്രട്ടറി കെ.എസ്.ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് പി.എന്‍.പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: