ബീജിംഗ്: ഇറച്ചിയില്‍ മായം കലര്‍ത്തി വില്പന നടത്തിയ സംഭവങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ ചൈനയില്‍ പിടിയിലായത് 904 പേര്. അധികൃതര്‍ ചൈനയില്‍ ഉടനീളം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ആടിന്റെയും പശുവിന്റെയും ഇറച്ചിയില്‍ എലിയുടെയും കുറുക്കന്റെയും ഇറച്ചി ചേര്‍ത്ത് തട്ടിപ്പ് നടത്തിയവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ജനുവരി 25 മുതല്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 20000 ടണ്‍ മാംസം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. കോഴിക്കാലുകള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഹൈട്രജന്‍ പെറോക്സൈഡ് ഉപയോഗിക്കുകയും കോഴിയുടെ തൂക്കം കൂട്ടുന്നതിനായി വെള്ളം കുത്തി വെയ്ക്കുകയും തുടങ്ങി നിരവധി കൃത്രിമങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
വ്യാജ ഇറച്ചി ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായ പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഇത് തടയാനായി കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായത്. ചൈനയില്‍ നാളുകളായി തുടരുന്ന ഭക്ഷ്യസുരക്ഷ ഭീഷണിയില്‍ അവസാനത്തെ സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
നേരത്തെ വേസ്റ്റില്‍ നിന്നും ആന്റിബയോട്ടിക്സ് ഉണ്ടാക്കുകയും ഗട്ടര്‍ ഓയില്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന വാര്‍ത്തകള്‍ ചൈനയില്‍ നിന്നും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: