ജമ്മു: ജമ്മുകാശ്മീരിലെ ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ഗുരുതര നിലയില്‍ കഴിയുന്ന പാക് തടവുകാരന് സനാവുള്ള ഖാന് രഞ്ജയിനെ പാക്കിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പുലര്‍ച്ചെ 3.30ഓടെയാണ് ചണ്ഡീഗഡിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത്. പാക് ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാന്‍ ഇന്നലെ ഇന്ത്യ അനുമതി നല്‍കിയിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനാവുള്ള ഛണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ ചികിത്സയിലാണ്. സനാവുള്ളയുടെ ആരോഗ്യനില മോശമായാല്‍ വിദ്ഗ്ദ ചികിത്സയ്ക്കായി വിട്ടുതരണമെന്ന് പാക്കിസ്ഥാന് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഭീകരാക്രമണ കേസില്‍ പ്രതിയായ സനാവുള്ളയെ വെള്ളിയാഴ്ചയാണ് സഹതടവുകാരനും വിമുക്ത ഭടനുമായ വിജയകുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
അതേസമയം സനാവുള്ള മരിച്ചതായുള്ള വാര്‍ത്തകള്‍ പിജിഐ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിഷേധിച്ചു. ഇയാളുടെ സുരക്ഷ കണക്കിലെടുത്ത് ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കി.
ഇന്ത്യന്‍ പൗരന് സരബ്ജിത്ത് സിംഗ് പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് സനാവുള്ളയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വിലയിരുത്തല്‍.
സരബ്ജിത്ത് മരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ജയിലുകളിലെ പാക് തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. സുരക്ഷാ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ കോട്ലഖ്പത് ജയിലിലെ സൂപ്രണ്ടിനെയും രണ്ട് കോണ്‍സ്റ്റബിള്‍സിനെയും സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
1994-ല്‍ കാശ്മീരില്‍ ബസില്‍ ബോംബുവച്ച് പത്തു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയാണ് പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ട് സ്വദേശിയായ സനവുള്ള (54). 99-ലാണ് പോലിസ് ഇയാളെ പിടികൂടിയത്. ഇതല്ലാതെ ഏഴു കേസുകളും സനാവുള്ളയുടെ പേരിലുണ്ട്. രണ്ടെണ്ണത്തില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കോട്ട് ഭന്‍വാല്‍ ജയിലില്‍ വച്ച് തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കവെ അധികൃതര്‍ പിടികൂടി. അന്ന് ഇന്ത്യന്‍ തടവുകാരെയും പാക് തടവുകാരെയും പ്രത്യേകം പാര്‍പ്പിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് ഇവരെ ഒന്നിച്ചാക്കിയത്.
സഹപ്രവര്‍ത്തകനെ വധിച്ച കുറ്റത്തിന് ജീവപര്യന്തം തടവില്‍ കഴിയുന്ന വ്യക്തിയാണ് വിനോദ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: