ന്യൂദല്‍ഹി: നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റിയുടെ ശുപാര്‍ശ. നിലവിലെ ചട്ടങ്ങള്‍ക്കു വിരുദ്ധമായ പദ്ധതി പുനപരിശോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. സീതാറാം യെച്ചൂരി അദ്ധ്യക്ഷനായ സമിതിയാണ് നിരവധി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്രനിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ആറന്മുളയിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി മുന്നോട്ടുപോകുന്നതെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തി. 150 കിലോ മീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ പാടില്ലെന്ന നിബന്ധന ആറന്മുളയില് പാലിക്കപ്പെട്ടിട്ടില്ല. താരതമ്യേന പുതിയ വിമാനത്താവളങ്ങളായ തിരുവനന്തപുരവും കൊച്ചിയും പൂര്‍ണ്ണശേഷി കവിഞ്ഞിട്ടില്ലാത്തവയാണ്. അതിനാല്‍ തിരുവനന്തപുരത്തുനിന്നും കേവലം 90 കിലോ മീറ്ററും കൊച്ചിയില്‍ നിന്നും 120 കിലോ മീറ്ററും അകലമുള്ള ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്നത് ചട്ടലംഘനമാണ്.
നിലവിലെ വിമാനത്താവളങ്ങള്‍ രണ്ടും പൂര്‍ണ്ണശേഷി കവിയുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം ആവശ്യമായി വരുന്നുള്ളൂ. ഒരു വിമാനത്താവളത്തില്‍ ഉള്‍ക്കൊള്ളാനാവാത്തവിധം തിരക്കുണ്ടാവുകയും അവിടെ വികസനം സാധ്യമല്ലാത്ത അവസ്ഥയുമാണെങ്കില്‍ ഇതിനേപ്പറ്റി ചിന്തിച്ചാല്‍ മതി. എന്നാല്‍ മറ്റു രണ്ടു വിമാനത്താവളങ്ങളിലും വികസന സാധ്യതകള്‍ ഏറെയുണ്ട്. ഇതു പരിഗണിക്കാതെ ആറന്മുളയില് വിമാനത്താവള പദ്ധതി നടപ്പാക്കുന്നത് തെറ്റാണെന്നും പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എം.പിയുള്പ്പെടെയുള്ളവര് അംഗമായ സമിതിയാണ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമായി.
രണ്ടായിരം കോടി രൂപ മുതല്‍ മുടക്കി ചെന്നൈ ആസ്ഥാനമായ കെജിഎസ് ഗ്രൂപ്പാണ് ആറന്മുളയില് വിമാനത്താവള പദ്ധതിനടപ്പിലാക്കുന്നത്. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടുന്ന അഞ്ഞൂറ് ഏക്കര്‍ ഭൂമി ആദ്യഘട്ടത്തില്‍ നികത്തുന്നതിനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അമ്പതേക്കറോളം പാടശേഖരം മണ്ണിട്ടു നികത്തിയപ്പോഴേക്കും നാട്ടുകാരും പരിസ്ഥിതി സംഘടനകളും ഹിന്ദുസംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി അനിശ്ചിതത്വത്തിലായെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ വിവിധ അനുമതികള്‍ നേടിയ കെജിഎസ് ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് തിരിച്ചടിയായി. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനു മുമ്പ് തന്നെ വ്യോമയാന-പ്രതിരോധ വകുപ്പുകളുടെ അനുമതി ലഭിച്ചതു തന്നെ വിമാനത്താവള പദ്ധതി ദുരൂഹതകള്‍ നിറഞ്ഞതാണെന്ന ആക്ഷേപത്തിനു കാരണമായതാണ്.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷയില്‍ ഇതുവരെയും തീരുമാനമായിരുന്നില്ല. അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി അംഗങ്ങളെ സ്വാധീനിച്ച് ശുപാര്‍ശ നല്‍കിയെങ്കിലും അന്തിമാനുമതി വൈകുകയാണ്. ഇതിനിടെയാണ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതി ഷിപ്പിംഗ് മന്ത്രാലയം ഏറ്റെടുത്ത് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ഗതാഗത സ്റ്റാന്റിംഗ്കമ്മിറ്റി റിപ്പോര്‍ട്ടും ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാധ്യതകളേറെയുള്ള വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയം താല്‍പ്പര്യക്കുറവ് കാണിക്കുകയാണ്. അധികം മണ്ണെടുത്തു മാറ്റാതെ തന്നെ നടപ്പാക്കാവുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പായാല്‍ മദര്‍ഷിപ്പുകള്‍ക്ക് തുറമുഖത്തെത്തുകയും വ്യാവസായിക അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യുമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: