തിരുവനന്തപുരം: “എനിക്ക് ഐഎഎസ്കാരിയാകണം”. എല്‍കെജി ക്ലാസില്‍, വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന ടീച്ചറുടെ ചോദ്യത്തിന് കുഞ്ഞു ഹരിത നല്കിയ മറുപടിയാണിത്. ഹരിത വളര്‍ന്നു, കൂടെ സ്വപ്നവും. ഇന്ന് ഹരിത ഐഎഎസുകാരിയായി. ഒന്നാം റാങ്കിന്റെ നിറവോടെ. മലയാളനാടിനെ ഏറെ സ്നേഹിക്കുന്ന ഹരിതയുടെ സ്വപ്നം ഐഎഎസ് കേരള കേഡറായിരുന്നു.
അതുകൊണ്ടുതന്നെയാണ് കഴിഞ്ഞവര്‍ഷം ഐപിഎസ് ലഭിക്കുമായിരുന്നിട്ടും വേണ്ടെന്നുവച്ച് ഐആര്‍എസിനു ചേര്‍ന്നത്. ഒപ്പം പരിശീലനവും തുടര്‍ന്നു. ആദ്യ മൂന്നു ശ്രമങ്ങളിലും കൈവിട്ട ഐഎഎസ് തന്നെ ഒടുവില്‍ ഹരിതയെ തേടിയെത്തി.
ആഹ്ലാദത്തിലും ആവേശത്തിലുമാണ് തിരുവനന്തപുരം തൈയ്ക്കാട്ടെ സായിസിന്ദൂരം വീട്. ഫരീദാബാദില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ട്രെയിനിയായ ഹരിതയാണ് ഫോണ്‍ വിളിച്ച് അച്ഛനെയും അമ്മയേയും ഒന്നാം റാങ്ക് കിട്ടിയ വിവരം ആദ്യം അറിയിച്ചത്. തുടര്‍ന്ന് ടിവിയിലും വാര്‍ത്ത വന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളുമായി നിരവധി പേര് ഇവിടേക്കെത്തി. ഫോണ്‍ ബെല്ലുകള്‍ തുടരെത്തുടരെ മുഴങ്ങി. അവയ്ക്കൊക്കെ മറുപടി പറഞ്ഞ് അച്ഛനും വീട്ടുകാര്‍ക്കും വിരുന്നുകാര്‍ക്കും അയല്‍ക്കാര്‍ക്കും മധുരം വിതരണം ചെയ്ത് അമ്മയും മകളുടെ വിജയം ആഘോഷിച്ചു. മാധ്യമപ്രവര്‍ത്തകരും അഭിനന്ദനമറിയിക്കാന്‍ രാഷ്ട്രീയ നേതാക്കളും കൂടി എത്തിയതോടെ വീട്ടില്‍ സന്തോഷം അലതല്ലി.
കൈവച്ച മേഖലകളിലെല്ലാം ഹരിത മികവ് തെളിയിച്ചിട്ടുണ്ടെന്ന് അമ്മ ചിത്രയുടെവാക്കുകള്. പഠനത്തില്‍ മാത്രമല്ല, കലാരംഗത്തും ഹരിത ഒരു വിസ്മയമായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്തുള്ളല്, ശാസ്ത്രീയ സംഗീതം, ലളിതഗാനം പഠനത്തിനൊപ്പം ഹരിത ഇവയെല്ലാം കൂടെക്കൊണ്ടു നടന്നു. 15 വര്‍ഷം ശാസ്ത്രീയസംഗീതം പഠിച്ചു. സ്കൂള്‍ തലങ്ങളില്‍ മല്‍സരിച്ച് പലതവണ കിരീടം നേടി. സിവില്‍ സര്‍വീസ് എന്ന ഒരൊറ്റലക്ഷ്യത്തിലേക്ക് മനസ് പാഞ്ഞപ്പോള്‍ ഹരിത, പാട്ടിനും ഡാന്‍സിനുമെല്ലാം ഒരു ഇടവേള നല്കി. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കുക. പഠനത്തിനായി പ്രത്യേകം സമയം നീക്കി വയ്ക്കുകയില്ല. പകരം പഠിച്ച് തീര്‍ക്കേണ്ടവ സമയം നോക്കതെ ഹൃദിസ്ഥമാക്കും. ചിലപ്പോള്‍ രാത്രി എഴുനേറ്റ് പഠിയ്ക്കും. ഉറക്കമൊഴിച്ച് പഠിക്കുന്ന ശീലമില്ല. എന്നാല്‍ പഠനത്തിന് വേണ്ടി എത്ര കഷ്ടപ്പെടാനും ഹരിത തയാറായിരുന്നുവെന്ന് അച്ഛന് വിജയകുമാര്‍ പറയുന്നു.
സര്‍ക്കാര്‍ സ്കൂളിലാണ് ഹരിത പ്ലസ് ടു പഠിച്ചത്. നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍. 95 ശതമാനം മാര്‍ക്കോടെ വിജയം. തുടര്‍ന്ന് ബാര്‍ട്ടന്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് പാസായി. സാമ്പത്തിക ശാസ്ത്രവും മലയാളവും മെയിന്‍ വിഷയമായി തെരഞ്ഞെടുത്ത് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടി ഹരിത തയാറെടുത്തത്. ഇരട്ടകളായ സതീര്‍ത്ഥ്.വി.കുമാറും സാദര്‍ശ്.വി.കുമാറുമാണ് സഹോദരങ്ങള്‍. സതീര്‍ത്ഥ് എഞ്ചിനീയറിംഗിന് ശേഷം ചെന്നൈയില്‍ ജോലി ചെയ്യുന്നു. സാദര്‍ശ് ഹരിതയുടെ പാതയിലാണ്. സിവില്‍സര്‍വീസ് പരീക്ഷയുടെ പരിശീലനത്തിലും. നെയ്യാറ്റിന്‍കര ചിത്രാലയം എന്ന സ്വന്തം വീട്ടില്‍ നിന്ന് തൈക്കാട്ടെ സായിസിന്ദൂരമെന്ന വാടകവീട്ടിലേക്ക് താമസം മാറിയത് തന്നെ ഹരിതയുടെ സിവില്‍ സര്‍വീസ് സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു. ഏഴുവര്‍ഷമായി ഈ വാടകവീട്ടിലാണ് താമസം.
മനസുറച്ച് പഠിച്ചിരുന്നു. റാങ്ക് കിട്ടുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് ശ്രീറാം പറഞ്ഞു. സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ശ്രീറാം ജന്മഭൂമിയോട് പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ തിരുവനന്തപുരം സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ കോച്ചിങ്ങിനു പോയിരുന്നു. ശ്രീറാമിന്റെ പ്രയത്ത്തിന്റെയും ഞങ്ങളുടെ പ്രാര്‍ഥനയുടെയും ഫലമാണ് ഈ ഉന്നത വിജയമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
നാലാം റാങ്ക് നേടിയ അഞ്ചല്‍പ്പെട്ടി കൂപ്പമലയില് ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസ് ആദ്യ പാദത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് റാങ്കോടെ പാസായതിന്റെയും പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനത്തിന്റെയും സന്തോഷത്തിലാണ്.
പ്രത്യേക പരിശീലനം നടത്താതെ തിരുവനന്തപുരത്ത് കൂട്ടാകാര്ക്കൊപ്പം താമസിച്ച് സിവില്‍ സര്‍വ്വീസിന് തയ്യാറെടുത്ത ആല്‍ബി പൂര്‍ണ്ണ വിശ്വാസത്തിലായിരുന്നു. പക്ഷെ അത് റാങ്കോടെയുള്ള വിജയമായപ്പോള്‍ ഇരട്ടി മധുരമായി. കാര്‍ഷിക കുടുംബത്തില്‍ നിന്നും എത്തിയ തനിക്ക് സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനാണ് താല്പര്യമെന്നും അതിനാല്‍ ഐ എ എസ് തന്നെയാണ് പ്രഥമ പരിഗണനയെന്നും പറഞ്ഞു.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: