എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശമില്ല. കോടീശ്വരിയായതില് അമിതാഹ്ലാദമില്ല; വന്നവഴി മറക്കുന്നില്ല; ആഗ്രഹിച്ച കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി മനക്കരുത്തിന്റെ പ്രതീകമായി സനൂജ. ഏപ്രില്‍ 30ന് നിങ്ങള്‍ക്കുമാവാം കോടീശ്വരന് എന്ന ഏഷ്യാനെറ്റിന്റെ പ്രോഗ്രാമിലൂടെ ആദ്യകോടിപതിയായതോടെയാണ് സനൂജ ലോകശ്രദ്ധ നേടിയത്.
ഒന്നിന് പിറകെ ഒന്നായെത്തിയ ജീവിത ദുരിതങ്ങളെ പൊരുതി തോല്‍പ്പിച്ചാണ് സനൂജ ഓരോ ചുവടും മുന്നോട്ട് വച്ചത്. തിരുവനന്തപുരം കളക്ടറേറ്റില്‍ ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചിട്ട് ഒന്നര വര്‍ഷം. ഇതിനിടയിലാണ് എഷ്യാനെറ്റിന്റെ നിങ്ങള്‍ക്കുമാകാം കോടീശ്വരന് എന്ന പരിപാടിക്കുവേണ്ടി എസ്എംഎസ് അയച്ചത്. അപ്പോഴും ഇതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. സെലക്ഷന് കിട്ടിയപ്പോഴാകട്ടെ ടെന്‍ഷന്‍ കൂടി. പ്രാഥമികമായ ഓരോ റൗണ്ടും പിന്നിടുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിച്ചു. ഹോട്ട്സീറ്റില്‍ എത്തുമെന്ന് സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഹോട്ട്സീറ്റില്‍ എത്തണം എന്ന ചിന്ത മനസില്‍ ഉറച്ചു.
അസാമാന്യമായ മന:സാന്നിധ്യമായിരുന്നു സനൂജയെ നിങ്ങള്‍ക്കുമാകാം കോടീശ്വരന് പരിപാടിയില്‍ ഏറെ ശ്രദ്ധേയമാക്കിയത്. അവതാരകനെയും പ്രേക്ഷകരെയും അമ്പരപ്പിക്കുന്നതായിരുന്നു പരിപാടിക്കിടെ സനൂജ പറയുന്ന അവരുടെ ജീവിതം. എല്ലാത്തിനെയും നേരിടാനുള്ള ശക്തി തന്റെ ഭര്‍ത്താവാണെന്ന് അഭിമാനത്തോടെ ആവര്‍ത്തിച്ചു സനൂജ. അനുഭവങ്ങളുടെ കരുത്തിന് ഇത്ര ശക്തിയുണ്ടെന്ന് തെളിയിക്കാന്‍ സനൂജ എന്ന ഒറ്റപേര് മാത്രം മതിയെന്ന് തലകുലുക്കി സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു പ്രേക്ഷകര്‍. ഒരു മാനേജ്മെന്റ് വിദഗ്ധനും അനുകരിക്കാനോ ഉപദേശിക്കാനോ കഴിയാത്ത ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് ഇവരെ വ്യത്യസ്തയാക്കിയത്. സനൂജയുടെ വിധി നിശ്ചയിക്കുന്ന അവസാനത്തെ ചോദ്യത്തെ അവര്‍ നേരിട്ടപ്പോള്‍ ഭാഗ്യത്തിനുമപ്പുറം ചിലത് മനുഷ്യനിലുണ്ടെന്ന് കണ്ടിരുന്നവര്‍ വിധിയെഴുതി. ഒരു ഭാഗ്യപരീക്ഷണമായിരുന്നില്ല അത്. ഇനിയെന്നെ തോല്‍പ്പിക്കാന്‍ ആരുണ്ട് എന്ന ചങ്കൂറ്റത്തിന് മുന്നില്‍ ഭാഗ്യദേവത ഒതുങ്ങി സനൂജക്ക് സ്വയം വശംവദയാകുകയായിരുന്നു എന്ന് വേണം പറയാന്‍.
െഒരു മലയാള ദിനപത്രവും പിഎസ്സി പരീക്ഷാ സഹായികളും മാത്രം വായിച്ച തനിക്ക് കോടീശ്വരസ്ഥാനത്ത് എത്താന്‍ സാധിക്കുമോ എന്നതില്‍ ആദ്യം ആശങ്കയുണ്ടായിരുന്നെന്ന് സമ്മതിക്കുന്നു സനൂജ. എങ്കിലും ധൈര്യം കൈവെടിഞ്ഞില്ല. ഞാന്‍ അത്ര മിടുക്കിയൊന്നുമല്ല. എല്ലാം ഈശ്വരാനുഗ്രഹം. പിന്നെ എന്റെ ഭര്‍ത്താവിന്റെ നല്ല മനസും. തന്റെ ഈ വിജയത്തെക്കുറിച്ച് സനൂജയുടെ വാക്കുകളിലും വിനയത്തിന്റെ ആത്മവിശ്വാസത്തിന്റെ സ്വരം.
ഈ പണംകൊണ്ട് എന്തെല്ലാം ചെയ്യാനുദ്ദേശിക്കുന്നു? ഭര്‍ത്താവ് നിര്‍മാണത്തൊഴിലാളിയാണ്. ഒരു ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കണം. വീടിന്റെ കടം തീര്‍ക്കണം. വീടുപണി പൂര്‍ത്തിയാക്കണം. ഭര്‍ത്താവിന്റെ അനുജന് മരിച്ചതിനാല്‍ മക്കളെ സഹായിക്കാന്‍ ആഗ്രഹമുണ്ട്. മക്കളായ സാജനും സാഗറും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കിയ ചാനലിനോടും അതിന്റെ പ്രേക്ഷകരോടും ആയിരം നന്ദി പറഞ്ഞ് സനൂജ അവസാനിപ്പിക്കുന്നു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: