കാന്‍സര്‍ എന്ന് കേട്ടാല്‍ മരണം എന്നാണ് വ്യാഖ്യാനം. ഈ തെറ്റായ ധാരണയും ഉള്‍ബോധവും ആണ് പലരെയും മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് എന്റെ ഉത്തമ വിശ്വാസം.
എന്റെ വിശ്വാസം എന്റെ അനുഭവത്തില്നിന്നുയരുന്നതാണ്. 1990 ല്‍ കാന്‍സര്‍ ബാധിച്ച് കാന്‍സര്‍ സെക്കന്റ് സ്റ്റേജിലായി, എന്നെ പരിശോധിച്ച ഡോക്ടര്‍ എനിക്ക് ആറ് മാസം ആയുസനുവദിച്ചത് 22 കൊല്ലം മുമ്പാണ്. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഈ വാര്‍ധക്യത്തിലും സജീവ പത്രപ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും നടത്തുകയും ചെയ്യുന്നു.
എനിക്ക് കാന്‍സര്‍ രോഗത്തിന്റെ യാതൊരു വിപരീത ഫലങ്ങളും ഉണ്ടായില്ല, ഇപ്പോഴും ഇല്ല. ഇപ്പോള്‍ എനിക്ക് വാര്‍ധക്യസഹജമായ വേദനകള്‍ മാത്രമേയുള്ളൂ. അതുപോലും ഞാന്‍ അവഗണിച്ച്, എന്റെ വാര്‍ധക്യത്തെ പുഛിച്ച് തള്ളി ജോലിയില്‍ വ്യാപൃതയാണ്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍നിന്നും എനിക്ക് പറയാന്‍ കഴിയുന്നത് കാന്‍സറിനെ അവഗണിച്ച് സ്വന്തം ലക്ഷ്യം മാത്രം മുന്നില്‍ നിര്‍ത്തി പൊരുതി ജയിക്കുക എന്നതാണ്. കാന്‍സര്‍ മരണത്തിന് ഒരു എതിര്‍പ്പുമില്ലാതെ കീഴടങ്ങുന്നത് ലക്ഷ്യബോധമില്ലാത്തവരും ഭീരുക്കളുമാണ്. വ്യക്തമായ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അതുമാത്രം മുന്നില്‍ കാണുമ്പോള്‍ കാന്‍സര്‍ അവഗണന സഹിക്കാനാവാതെ ശരീരം വിടുന്നു. ഭയം മരണത്തെ മാടിവിളിക്കലാണ്.
എനിക്ക് കാന്‍സര്‍ വന്ന കാലഘട്ടത്തില്‍ കാന്‍സര്‍ ചികിത്സ ദുഷ്ക്കരമായിരുന്നു. എനിക്ക് ആറ് കീമോതെറാപ്പി വേണ്ടിവന്നു. 90-കളില്‍ കീമോ എന്നാല്‍ 24 മണിക്കൂര്‍ പ്രക്രിയയാണ്. ഇന്ന് മൂന്ന് മണിക്കൂര്‍ പോലും എടുക്കുന്നില്ല. എനിക്ക് രാവിലെ 7 മണിക്ക് കീമോ ഇന്ജക്ഷന് തുടങ്ങിയാല്‍ പിറ്റേ ദിവസം 7 മണിവരെ അത് തുടരും. 12 മണിയോടെ ഞാന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങും. നിര്‍ത്താനാവാതെ ഛര്‍ദ്ദി കാരണം വെള്ളം പോലും കുടിക്കാനാവാത്ത അവസ്ഥ.
അന്ന് എന്നോട് സ്നേഹവും കാരുണ്യവും കാണിച്ചവരോട് ഞാന്‍ ജീവതകാലം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. സുഗതകുമാരി ഞാന്‍ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്താണ്. സുഗത ദിവസവും എനിക്ക് കരിക്കിന്‍വെള്ളവും തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളവും കൊണ്ടുവന്ന് തന്നിരുന്നു. ദിവസം 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, അല്ലെങ്കില്‍ മൂത്രാശയത്തെ ബാധിക്കും എന്നാണ് എന്നെ ചികിത്സിച്ചിരുന്ന ഡോ. കൃഷ്ണന്‍നായരുടെ നിര്‍ദ്ദേശം. പക്ഷെ എനിക്ക് രണ്ട് ഗ്ലാസ് വെള്ളം പോലും അകത്താക്കാന്‍ സാധിച്ചിരുന്നില്ല. കരിക്കിന്വെള്ളമായാലും നാരങ്ങാവെള്ളമായാലും ഛര്‍ദ്ദിക്കും.
പക്ഷെ ഞാന്‍ തളര്‍ന്നില്ല. മരണത്തെ എങ്ങും കണ്ടില്ല. ഛര്ദ്ദിയില്നിന്നുള്ള ഇടവേള ഞാന്‍ പണ്ട് വായിച്ചിരുന്ന പുസ്തകങ്ങള്‍ വായിക്കുവാന്‍ ഉപയോഗിച്ചു. ഭാവിയെപ്പറ്റി സ്വപ്നം കണ്ടു. ഞാന്‍ മരിച്ചാല്‍ എന്റെ ഭര്‍ത്താവിനെ നോക്കാന്‍ ആരുമില്ല എന്നുള്ള യാഥാര്‍ത്ഥ്യബോധവും ജീവിക്കാനുള്ള പ്രേരണാശക്തി നല്കി.
എല്ലാത്തിനും പുറമെ പത്രപ്രവര്‍ത്തനത്തോടുള്ള എന്റെ അമിതമായ ആവേശവും എന്നെ രോഗത്തെ പരാജയപ്പെടുത്താന്‍ സഹായിച്ചു. പത്രപ്രവര്‍ത്തനം എനിക്ക് വെറും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോ രാഷ്ട്രീയപ്രസംഗം റിപ്പോര്‍ട്ട് ചെയ്യലോ, രാഷ്ട്രീയക്കാരുടെ അഭിമുഖമോ ആയിരുന്നില്ല. മറിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തനവും സാമൂഹ്യ നന്മക്കുതകുന്ന റിപ്പോര്ട്ടിംഗുമായിരുന്നു. അന്ന് ബലാല്‍സംഗങ്ങളും സ്ത്രീപീഡനങ്ങളും ഇത്രയധികം വാര്ത്താസമയവും സ്ഥലവും കയ്യടക്കാത്ത കാലമായിരുന്നു. പക്ഷെ ഞാന്‍ കോട്ടയത്തുവെച്ച് ചെയ്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി കന്യാസ്ത്രീകളാക്കുന്ന അച്ചനെപ്പറ്റിയുള്ള സ്റ്റോറി പോലത്തെ സ്റ്റോറികള്‍ ഇനിയും ചെയ്യണമെന്ന ആഗ്രഹം മനസില്‍ സൂക്ഷിച്ചു.
എന്റെ ചിരകാല സ്വപ്നം നീലക്കുറിഞ്ഞി പൂത്തതെഴുതണം എന്നതായിരുന്നു. ഞാന്‍ രോഗാതുരയായ കൊല്ലം നീലക്കുറിഞ്ഞി പൂത്തു. അടുത്ത് പൂവിടലിന് 12 കൊല്ലം കാക്കണം. 12 കൊല്ലത്തില്‍ ഒരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുക. അങ്ങനെ 12 കൊല്ലം കഴിഞ്ഞുള്ള റിപ്പോര്‍ട്ട് വരെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ ഈ അനുഭവം/സ്വപ്നം പങ്കുവെച്ച ഒരു കാന്‍സര്‍ രോഗി ധൈര്യം സമ്പാദിച്ച് എഴുന്നേറ്റ് നടന്നശേഷം എന്നെ വിളിച്ചുപറഞ്ഞു. “മാഡം 12 കൊല്ലം കഴിഞ്ഞുള്ള കാര്യമല്ലേ സ്വപ്നം കണ്ടത്. ഞാന്‍ രണ്ട് കൊല്ലത്തിനുള്ളിലുള്ള ഒരു സ്വപ്നമാണ് കാണുന്നത്. രണ്ട് കൊല്ലം കഴിഞ്ഞ് എന്റെ മോളെയുംകൊണ്ട് ശബരിമല ചവിട്ടും എന്നാണ് സ്വപ്നം.”
അങ്ങനെ ഞാന്‍ സ്വപ്നവ്യാപാരിയായി സ്വപ്നത്തിന്റെ ബീജങ്ങള്‍ കാന്‍സര്‍ ബാധിതരുടെ ഹൃദയങ്ങളില്‍ പാകി, കാന്‍സറിനെ ചെറുക്കാന്‍ ഉല്‍ബോധിപ്പിക്കുന്ന ഡോ. ഗംഗാധരന്റെ സാമീപ്യം മരുന്നാണ്. അദ്ദേഹത്തിന്റെ ഭാര്യയും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധയുമായ ഡോ. ചിത്രതാര മനോഹരമായ സാരിയുടുത്ത് സുന്ദരിയായി എന്നെ പരിശോധിക്കുമ്പോള്‍ അതും എനിക്ക് പ്രചോദനം നല്കി- ഇങ്ങനെ മനോഹരമായ സാരിയുടുത്ത് ഇനിയും കടമ്പകള്‍ കടക്കണം എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: