ദല്ബീര്കൗര്
പാക് ജയിലുകളില്‍ തളര്‍ന്ന് കഴിയുന്ന അനേകം സരബ്ജിത്തുമാരുടെ മോചനത്തിനുവേണ്ടിയാണ് ഇനി തന്റെ പ്രവര്‍ത്തനമെന്ന് ഉറക്കെ പ്രഖ്യാപിച്ച പഞ്ചാബിലെ ഒരു സാധാരണക്കാരിയാണ് ഈ ആഴ്ചയിലെ വാര്‍ത്തയിലെ സ്ത്രീ. മോചനം കാത്ത് പാക് ജയിലില്കഴിയുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ട സരബ് ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍. സരബിനെ മോചിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. സരബിന്റെ കൊലപാതകത്തിലൂടെ ഇന്ത്യക്കാരുടെ വികാരങ്ങളെയാണ് പാക്കിസ്ഥാന് ആക്രമിച്ചിരിക്കുന്നതെന്നും ദല്‍ബീര്‍ ഉറക്കെ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കേണ്ട പല പ്രശ്നങ്ങളാണ് ഈ സാധാരണക്കാരി വിളിച്ചു പറഞ്ഞത്. പാക്കിസ്ഥാന് ഇന്ത്യയെ പിന്നില്‍നിന്ന് കുത്തുകയായിരുന്നു. സഹതടവുകാരുടെ മര്‍ദ്ദനത്തിലൂടെ സരബ്ജിത്തിനെ മരണത്തിലേക്ക് തളളിവിട്ടത് പാക്കിസ്ഥാനാണ്. മാറിമാറി വന്ന സര്‍ക്കാരുകളെ പാക്കിസ്ഥാന് വിദഗ്ധമായി ചതിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ തന്റെ സഹോദരന് ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ദല്‍ബീര്‍ വ്യക്തമാക്കി. ലാഹോര്‍ സ്ഫോടനക്കേസില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പാക് ജയിലില്‍ കഴിഞ്ഞിരുന്ന സരബ്ജിത്തിന്റെ മോചനത്തിനായി ദല്‍ബീര്‍ കൗര്‍ ഏറെ യത്നിച്ചിരുന്നു. സരബിന്റെ ഭാര്യയുടെയും മക്കളുടെയും ശബ്ദമായിരുന്ന ദല്‍ബീര്‍. സരബിനെപ്പോലെ പാക് തടവില്‍ കഴിയുന്ന ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാകുകയാണ് ഇപ്പോള്‍ ദല്ബീര്കൗര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: