മലപ്പുറം: സിബിഎസ്ഇ സ്കൂള്‍തല പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തുന്നു. സിബിഎസ്ഇ സ്കൂള്‍, ബോര്ഡ്തല പരീക്ഷകളെ വ്യത്യസ്തമായി കണക്കാക്കാനും സ്കൂള്‍ തല പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ സംസ്ഥാനത്ത് പ്ലസ് വണ്‍ അലോട്ട്മെന്റില്‍ നിന്ന് ഒഴിവാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടുള്ളത്.
പന്ത്രണ്ടാംക്ലാസ് വരെയുള്ള സി ബി എസ് ഇ സ്കൂളുകളില്‍ മാത്രമാണ് ബോര്‍ഡ് തല പരീക്ഷ നടക്കുന്നത്. മറ്റ് സിബിഎസ്ഇ സ്കൂളുകളിലെല്ലാം സ്കൂള്‍ തല പരീക്ഷയാണ് നടക്കുക. സി ബി എസ് ഇ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് സ്കൂള്‍ തല പരീക്ഷകളും നടക്കുക എന്നിരിക്കെ ഈ പരീക്ഷ പാസായ വിദ്യാര്‍ത്ഥികളെ പ്ലസ് വണ്‍ അലോട്ട്മെന്റിന് പരിഗണിക്കാതിരിക്കുന്നത് ക്രൂരതയാണ്.
കഴിഞ്ഞ വര്‍ഷം വരെ ഈ വിഭാഗത്തില്‍പ്പെട്ടവരെ പ്ലസ് വണ്‍ പ്രവേശനത്തിന് അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കുറി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ ഒഴിവാക്കാന്‍ തിരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 70,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഇക്കുറി സിബിഎസ്ഇ സിലബസില്‍ പത്താംക്ലാസ് പരീക്ഷ എഴുതിയിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും ബോര്ഡ്തല പരീക്ഷയാണ് എഴുതിയിട്ടുള്ളത്. ഏതാണ്ട് 25,000 പേരാണ് സ്കൂള്‍ തല പരീക്ഷ എഴുതിയിട്ടുള്ളത്. 95 ശതമാനത്തിലേറെ പേരും പ്ലസ്വണ്ണിന് യോഗ്യത നേടിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് വണ്‍ പ്രവേശനം ഇവര്‍ക്ക് നിഷേധിച്ചാല്‍ ഉപരിപഠനത്തിനുള്ള ഇവരുടെ സാധ്യത തന്നെ ആശങ്കയിലാകും.
ബോര്‍ഡ് തല പരീക്ഷ എഴുതിയിട്ടുള്ളവരുടെ പരീക്ഷാഫലം ഇതുവരെ പുറത്തുവന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്കും ഇപ്പോള്‍ പ്ലസ് വണ്ണിന് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട കുറച്ചുപേര്‍ക്കെങ്കിലും സി ബി എസ് ഇ സ്കൂളുകളില്‍ തന്നെ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കുമെന്ന ആശ്വാസമുണ്ട്. ടെക്നിക്കല്‍ സ്കൂള്‍, പോളിടെക്നിക്, ഐ ടി ഐ തുടങ്ങിയ മേഖലകളില്‍ സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാറിന്റേത്.
അതേസമയം സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ പരിഗണിച്ചാല്‍ സംസ്ഥാന സിലബസ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന കാരണത്താലാണ് ഇക്കുറി അവരെ പരിഗണിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത് എന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഉപരിപഠനത്തിനായി ഈ 25,000 വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മൗനം തുടരുകയാണ്.
ബോര്‍ഡ് തല പരീക്ഷ എഴുതിയവരെ റിസള്‍ട്ട് വന്നാല്‍ ആദ്യഘട്ട അലോട്ട്മെന്റിന് പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 50,000 ത്തിലേറെ പേര് ഈ വിഭാഗത്തില്‍ അപേക്ഷകരായി ഉണ്ടാകും. ഇത് സംസ്ഥാന സിലബസ് എഴുതിയവരെ ബാധിക്കില്ലെ എന്ന ചോദ്യത്തിനും മറുപടിയില്ല.
അതിനിടെ, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പ്രവേശനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ക്ലര്‍ക്ക് , പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സ്കൂള്‍ പ്രസിസിപ്പാള്മാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. അഡ്മിഷന് നടപടിക്രമങ്ങളുടെ ഭാരം മുഴുവന്‍ ഇപ്പോള്‍ ഇവരുടെ ചുമലിലാണ്. ഹയര്‍സെക്കണ്ടറി ബോര്‍ഡിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം പ്രതിസന്ധി രൂക്ഷമാകുകയാണ്. ആദ്യ അലോട്ട്മെന്റിനുള്ള അവസാന തിയ്യതി 24 ആണ്. എന്നാല്‍ ഇതിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: