പത്തനാപുരം: കിഴക്കന്‍ മലയോര മേഖലയായ കടശ്ശേരി, പേഴുംമൂട്, കറവൂര്‍, എലപ്പകോട്, ചെളിക്കുഴി, കമ്പിലൈന്‍ എന്നീ മേഖലകളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങി നാശം വരുത്തിയത്. ഈ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കാട്ടാനകളെ ഭയന്ന് ബന്ധുവീടുകളില്‍ അഭയം പാര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ തിങ്കള്‍ പുലര്‍ച്ചെയായിരുന്നു കാട്ടാനകള്‍ ആദ്യം നാശം വരുത്തിയത്.
കൂട്ടമായി ഇറങ്ങിയ കാട്ടാനകളുടെ ആക്രമണത്തില്‍ കടശ്ശേരി രാജേഷ് ഭവനില്‍ സാലി, റെനി ഭവനില്‍ അനിമോന് പുന്നല സ്വദേശി രാജേഷ് എന്നിവരുടെ കാര്‍ഷിക വിളകള്‍ക്കാണ് നാശം സംഭവിച്ചത്. കമുക്, തെങ്ങ്, വാഴ എന്നിവ അനിമോന്റെ വീടിനു മുകളിലേക്ക് പിഴുതിട്ടു. വീട് പൂര്‍ണമായും തകര്‍ന്നിരുന്നു.
പത്തുലക്ഷം രൂപയുടെ നാശനഷ്ടം പ്രദേശത്തെ കര്‍ഷകര്‍ക്കുണ്ടായി. ഈ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. നാട്ടുകാരും വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് കാട്ടാനകളെ കാട്ടിലേക്ക് അയയ്ക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടാനകള്‍ തിരികെ എത്തുന്ന കാഴ്ചയാണ് കാണുന്നത്. വനാതിര്‍ത്തികളില്‍ കര്‍ഷകര്‍ക്ക് പാട്ടത്തിനു നല്‍കിയിരുന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടങ്ങള്‍ നാശം വിതയ്ക്കുന്നത്. റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയവരാണ് കാട്ടാനകളെ ആദ്യം കണ്ടത്. ടാപ്പിങ്ങിനെത്തിയ തൊഴിലാളികള്‍ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്.
മഴയായിക്കഴിഞ്ഞാല്‍ പുലര്‍ച്ചെ വനത്തില്‍ നിന്നും എത്തുന്ന കാട്ടാനകളെ കാണാനും സാധിക്കില്ല. വനത്തിനുള്ളില്‍ ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ജലത്തിനായാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രദേശത്തെ തങ്ങളുടെ രക്ഷയ്ക്ക് വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ വനാതിര്‍ത്തിക്കുള്ളില്‍ കിടങ്ങുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതിനിടയില്‍ അഞ്ച്തവണ കാട്ടാനകള്‍ നാട്ടിലിറങ്ങി നാശം വരുത്തുകയും ചെയ്തു. വനാതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷ നടപ്പാക്കുന്ന പദ്ധതികള്‍ വനപാലകരും സര്‍ക്കാരും അട്ടിമറിക്കുകയാണെന്നും പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: