പറവൂര്‍: രാപകല്‍ വ്യത്യാസമില്ലാതെ പറവൂരില്‍ കറന്റില്ലതായി. ഇതോടെ അസഹനീയമായ ചൂട് കാരണം ജനം ദുരിതത്തിലായി.
പത്രങ്ങളിലൂടെ അറിയിപ്പ് നല്‍കിയും നല്‍കാതെയും ഓരോദിവസവും മണിക്കൂറുകളാണിപ്പോള് പകലും രാത്രിയും വൈദ്യുതി തടസപ്പെടുന്നത്. കടുത്ത വേനലില്‍ ഒരുനിമിഷം പോലും ഫാനില്ലാതെ ഇരിക്കാനാകാത്ത സ്ഥിതിയില്‍ ഒരറിയിപ്പ് നല്കി പല പ്രദേശങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ്. വൈകിട്ട് 5 വരെ വൈദ്യുതിയുണ്ടാകില്ലെന്നാണ് പലപ്പോഴും അറിയിപ്പെങ്കിലും രാത്രി 7 മണിയോടെയാണ് പലദിവസങ്ങളിലും ലൈന്‍ ചാര്‍ജ്ജ് ചെയ്യുന്നത്.
ബാങ്കുകളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയുമെല്ലാം പ്രവര്‍ത്തനം താളംതെറ്റുകയാണ്. അടിക്കടി വൈദ്യുതി തകരാറുണ്ടാവുമ്പോള് കാരണമറിയാന്‍ വൈദ്യുതി ഓഫീസില്‍ വിളിച്ചാലും ആരും ഫോണെടുക്കാറില്ലെന്നാണ് പരക്കെയുള്ള പരാതി. ലോഡ്ഷെഡിംഗിന്റെ മറവില്‍ തെരുവ്വിളക്കുകള്‍ ഭൂരിഭാഗവും കത്തിക്കാത്ത സ്ഥിതിയും നഗരത്തിലുണ്ട്.
സബ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പും മാസങ്ങളോളം വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണിയെന്ന പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും നിരന്തരം വൈദ്യുതി മുടക്കി പ്രദേശവാസികളെ ദ്രോഹിക്കുകയാണെന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: