തിരുവനന്തപുരം: ബുധനാഴ്ച വൈകിട്ട് ജഗതി ശ്രീകുമാറിനെ കാണാന്‍ പേയാടുള്ള വസതിയില്‍ മോഹന്‍ലാലെത്തി. വൈകിട്ട് 5.30ന് എത്തിയ ലാല്‍ അര മണിക്കൂറിലേറെ ജഗതിക്കൊപ്പം ചെലവഴിച്ചു. നിരവധി സിനിമകളില്‍ ഒപ്പത്തിനൊപ്പം അഭിനയിച്ച് മലയാളികളെ വിസ്മയിപ്പിച്ച താരങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ നിറഞ്ഞത് തമാശകളും പാട്ടും. നിറഞ്ഞ ചിരിയോടെയാണ് മോഹന്‍ലാലിനെ ജഗതി സ്വീകരിച്ചത്.
അല്ലിയാമ്പല്‍ കടവിലിന്നരയ്ക്കുവെള്ളം…., പെരിയാറെ, പെരിയാറെ… തുടങ്ങിയ ഗാനങ്ങള്‍ മോഹന്‍ലാല്‍ ആലപിച്ചു. ഇതിനൊപ്പം പാട്ട് മൂളാന്‍ ജഗതി ശ്രമം നടത്തി. ഇടയ്ക്ക് താളത്തിനൊപ്പിച്ച് മൂളുകയും ചെയ്തു.
ഇതിനിടെ ജഗതിയുടെ കാതില്‍ ലാല്‍ എന്തോ തമാശ പൊട്ടിച്ചു. ഇതു കേട്ട് ജഗതി പൊട്ടിച്ചിരിച്ചു. മോഹന്‍ലാലിന്റെ സാന്നിധ്യം ജഗതിയില്‍ വലിയ മാറ്റം ഉണ്ടാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെ മോഹന്‍ലാലിനോട് എന്തോ പറയാനായി ജഗതി ശ്രമിച്ചു. അതിന് കഴിയാതിരുന്നപ്പോള്‍ മുഖം മങ്ങി. ഇതു മനസിലാക്കിയ ലാല്‍ വീണ്ടും തമാശകള്‍ പറഞ്ഞ് അന്തരീക്ഷത്തില്‍ അയവു വരുത്തി. ജഗതി ശ്രീകുമാറിന്റെ ആരോഗ്യവിവരങ്ങള്‍ കുടുംബാംഗങ്ങളോട് ലാല്‍ അന്വേഷിച്ചു. ലാല്‍ മടങ്ങുമ്പോള്‍ യാത്രയാക്കാന്‍ ജഗതിയും പൂമുഖത്തെത്തി.
പ്രിയ സുഹൃത്തിന് എത്രയും വേഗം സുഖമാകട്ടെ എന്ന് ആശംസിച്ചാണ് ലാല്‍ മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: