കോഴിക്കോട്: ടി.പി. ചന്ദ്രന്‍ശേഖരന്‍ അനുസ്മരണ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സിപിഎം നിലപാടിനെതിരെ കാനം രാജേന്ദ്രന്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എഐടിയുസി ദേശീയ ജനറല്‍സെക്രട്ടറിയുമായ കാനം രാജേന്ദ്രന് പറഞ്ഞു. ഇടതുപക്ഷം പ്രതിസന്ധിയും, പ്രതീക്ഷയും എന്ന വിഷയത്തില്‍ ടി.പി.ചന്ദ്രശേഖരന് അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വെളിച്ചം ഇരുണ്ട മതില്കെട്ടുകളിലേക്ക് കടത്തിവിടാന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറാവുന്നില്ല. കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടണം. ഇന്ത്യന്‍ സാഹചര്യത്തില്‍ യാന്ത്രിക കമ്മ്യൂണിസത്തെ ജനങ്ങള്‍ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തന്നെ പരസ്പരം സുഹൃത്തുക്കളാകാന്‍ കഴിയുന്നില്ല. ജനാധിപത്യശക്തികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സമീപനമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട്തന്നെ കാലത്തിനനുസരിച്ച് മാറ്റമുണ്ടാക്കാന്‍ കഴിയുന്നുമില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ ഗുണപ്രദമെന്ന് ചില സിപിഎം നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ പിളര്‍പ്പ് കമ്മ്യൂണിസ്റ്റ് പാര്ട്ടികളെകുറിച്ചുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തിയത്. പിളര്‍ന്ന് മാറിയ കക്ഷികള്‍ പരസ്പരം പോരടിക്കുന്നത് വര്ഗ്ഗശത്രുവിനാണ് നേട്ടമെന്ന് കാനം ഓര്‍മ്മപ്പെടുത്തി. സെമിനാര്‍ സിപിഎം പഞ്ചാബ് സെക്രട്ടറി മംഗത്ത്റാം പസ്ല ഉദ്ഘാടനം ചെയ്തു.
കെ.കെ.രമ, കെ.കെ.മാധവന്, കെ.എസ്.ബിമല്‍, മുന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പ്രസേന്‍ജിത്ത് ബോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: