കോഴിക്കോട്: എല്ലാ മതങ്ങളേയും സമഭാവനയോടെ കാണുന്ന ഹിന്ദുമതത്തിന്റെ സംഭാവനയാണ് മതേതരത്വമെന്നും ഹിന്ദുഐക്യത്തിലൂടെ മാത്രമേ മതേതരത്വം നിലനിര്‍ത്താനാകുമെന്നും മുന്‍ കേന്ദ്രമന്ത്രിയും ജനതാപാര്‍ട്ടി ദേശീയപ്രസിഡന്റുമായ ഡോ. സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. സ്വാമിവിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ അളകാപുരിയില്‍ നടന്ന വിവേകാനന്ദദര്‍ശനവും നവലോകക്രമവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കരുത്ത് തിരിച്ചറിയാതെ അനുസ്മരിക്കാന്‍ മാത്രം ശീലിച്ചസര്ക്കസ് കൂടാരത്തിലെ സിംഹത്തിന്റെ മനോഭാവമാണ് പ്രധാനമന്ത്രിമന്മോഹന്സിംഗ് മുതല്‍ സാധാരണക്കാരായ ജനങ്ങളുള്പ്പെടെയുളള ഇന്ത്യക്കാരുടെ പ്രധാന പ്രശ്നം. നിലവിലുള്ള പാശ്ചാത്യ വിദ്യാഭ്യാസ വ്യവസ്ഥ മാറാതെ ഈ മനോഭാവം മാറ്റാനാകില്ല. അതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണകാലത്തുതന്നെ സ്വാമിവിവേകാനന്ദന് ദേശീയ ബോധമുണര്‍ത്തുന്ന വിദ്യാഭ്യാസം ജനങ്ങളിലെത്തിക്കുന്നതിനായി ശക്തമായി പ്രവര്‍ത്തിച്ചത്. കാവിയെ വര്‍ഗീയമായി കാണുന്നവരാണ് ഇന്ന് സ്വാമിവിവേകാനന്ദന്റെ പാരമ്പര്യം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച ദേശീയ നേതാക്കളെല്ലാം സ്വാമി വിവേകാനന്ദനില്‍ നിന്നും പ്രചോദനമുള്ക്കൊണ്ടവരാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ഭാരതത്തിന്റെ ശരിയായ ചരിത്രം പഠിപ്പിക്കുക, ഭാരതീയര്‍ ഒന്നാണെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുക, സംസ്കൃതത്തെ ബന്ധഭാഷയായി വികസിപ്പിക്കുക, എന്നീ കാര്യങ്ങള്‍ ചെയ്താല്‍ മാത്രമെ വിവേകാനന്ദസ്വാമികളുടെ സങ്കല്പത്തിലുള്ള നവലോകക്രമത്തിലേക്ക് ഉയരാന്‍ കഴിയുകയുള്ളൂ എന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
റിട്ട കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന് പലേരി അദ്ധ്യക്ഷ്യത വഹിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം അസിസ്റ്റന്റ് സെക്രട്ടറി സ്വാമി ആപ്തലോകാനന്ദ അനുഗ്രഹണ പ്രഭാഷണം നടത്തി. സാംസ്കാരിക അധ:പതനമാണ് നാട്ടില്‍ വ്യാപകമായിരിക്കുന്ന പീഡന പരമ്പരകള്‍ക്ക് കാരണമെന്നും മാതൃത്വത്തിന് മഹനീയ സ്ഥാനം നല്കിയ ഭാരതീയപാരമ്പര്യമാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. പി. ബാലകൃഷ്ണന് സ്വാഗതവും എന്‍.പി. സോമന് നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന സെമിനാറില്‍ ഡോ.കെ. മാധവന്‍കുട്ടി, ഡോ.സി. ഐ. ഐസക്,പട്ടയില്‍ പ്രഭാകരന് ഡോ.എ.ത്യാഗരാജന്, ഡോ.കെ.എം. പ്രിയദര്ശന്ലാല് എന്നിവര്‍ സംസാരിച്ചു. സമാപനയോഗത്തില്‍ പ്രശസ്ത സിനിമാസംവിധായകന് അലിഅക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ നമ്മുടെ സംസ്കാരത്തെയും ധര്‍മ്മത്തേയും ഉയര്‍ത്തിപ്പിടിച്ച സ്വാമി വിവേകാനന്ദന് ഭാരതീയ ദര്‍ശനത്തിന്റെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഗോപിപുതുക്കോട്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു എം.എന്‍. സുന്ദര്‍രാജ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: