കോഴിക്കോട്: ‘വര്‍ഗ്ഗശത്രു’വിനെ ഉന്മൂലനം ചെയ്ത് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് സിപിഎം വര്ഗ്ഗശത്രുക്കളെന്ന് മുദ്രകുത്തി നേരത്തെ പടിയടച്ച് പിണ്ഡം വച്ചവരുടെ കാല്ക്കല് അടിയറവ് പറയേണ്ട ഗതികേടില്‍. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വള്ളിക്കാട്ടെ റോഡരികില്‍ അമ്പത്തൊന്ന് വെട്ടുകളാല്‍ കൊന്ന് രോഷം തീര്‍ത്ത സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനും വിഘടിച്ചുനില്ക്കുന്നവരുടെ ഭാവി അപകടത്തിലാണെന്ന് ഓര്മിപ്പിക്കാനുമായിരുന്നു ടി.പി.ചന്ദ്രശേഖരന്റെ കൊലയെങ്കില്‍ പിന്നീട് പാര്‍ട്ടിക്കുള്ളില്‍ നിന്നും കനത്ത ഒഴിച്ചുപോക്കാണ് നടന്നത്. ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രകാശ്കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച കൊഴിഞ്ഞുപോക്കിന്റെ ഗതിവേഗം പിന്നീട് വര്‍ധിക്കുകയാണുണ്ടായത്. പൂര്‍ണ്ണസമയ പ്രവര്‍ത്തകരിലും കാന്‍ഡിഡേറ്റ് അംഗങ്ങളിലും ഉണ്ടായ കുറവ് പരിഹരിക്കാനായില്ല എന്നത്മാത്രമല്ല പാര്‍ട്ടിയുടെ വിവിധ ശ്രേണികളില്‍ നിന്നുമുള്ള കൊഴിഞ്ഞ പോക്ക് തുടരുകയാണുണ്ടായത്.
ഈ കുറവ് പരിഹരിക്കാനും വി.എസിന്റെ പോക്ക് പാര്‍ട്ടിയുടെ പുറത്തേക്കാണെങ്കില്‍ അതിനുള്ള പരിഹാരമെന്ന നിലക്കുമാണ് എം.വി രാഘവന്റെയും കെ.ആര്. ഗൗരിയമ്മയുടെയും തിരിച്ചുവരവിന് സിപിഎമ്മിന്റെ ഉന്നത നേതൃത്വം തന്നെ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്.
ടി.പി.ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തിനുശേഷം സിപിഎം പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുകയായിരുന്നു. ഇതിനേക്കാള്‍ പ്രതിസന്ധി സൃഷ്ടിച്ചത് പാര്‍ട്ടിക്കുള്ളിലെ വിഎസ്- പിണറായി ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചതാണ്.ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് കാരണം ആശയപരമാണെന്ന വി.എസിന്റെ വിശദീകരണം സിപിഎമ്മിനെ വെട്ടിലാക്കുകയായിരുന്നു. 2013 മെയ് 12ന് നടത്തി.
പത്രസമ്മേളനത്തിലാണ് പിണറായിയെ എസ്.എ ഡാങ്കെയോട് ഉപമിച്ചത്. സി.പി.എം നേതൃത്വത്തിനെതിരെ പരസ്യമായ വെല്ലുവിളിയായിരുന്നു വി.എസ്.നടത്തിയത്. മെയ് 20 ന് കേന്ദ്രകമ്മിറ്റിക്കെഴുതിയ കത്തിലും അച്ച്യുതാനന്ദന് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. ജൂണ്‍ 2 ന് ടി.പി.യുടെ വീട് സന്ദര്‍ശിച്ചതോടെ ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം സിപിഎമ്മിനുണ്ടായ പ്രതിസന്ധി പരകോടിയിലെത്തി. അന്നു നടന്ന നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഈ സന്ദര്‍ശനം വന്‍തിരിച്ചടിയായി മാറുകയായിരുന്നു. വി.എസ്. ഇതൊക്കെ തൊണ്ടതൊടാതെ പിന്‍വലിച്ചെങ്കിലും ഇതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ സിപിഎം ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു.
കേരളത്തിലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍, പ്രത്യേകിച്ചും പാര്‍ട്ടിയിലെ യുവ വിഭാഗം വ്യത്യസ്ത ഗ്രൂപ്പുകളായി സംഘടിപ്പിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് പോവുന്നതും സിപിഎമ്മിനെ വേവലാതിപ്പെടുത്തുകയാണ്. അടുത്ത മാസം നടക്കുന്ന കേന്ദ്രകമ്മറ്റിയോഗത്തിനുശേഷം വി.എസിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടയിലാണ് വിഘടിച്ചുനിന്നവരെ ഒരുമിച്ചു കൂട്ടാന്‍ സിപിഎം ശ്രമിക്കുന്നത്. നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ സി.പി.എമ്മിനെ ഒറ്റപ്പെടുത്തിയ ഷൊര്‍ണ്ണൂരിലെ എം.ആര്. മുരളിയെയും പാര്‍ട്ടി സ്വന്തം പാളയത്തിലേക്ക് വീണ്ടും സ്വാഗതം ചെയ്യുകയാണ്. ടി.പി.വധത്തിനു ശേഷം നടന്ന വിവിധ പാര്ട്ടപരിപാടികളിലും സമരങ്ങളിലും പങ്കെടുത്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എന്‍.ജി.ഒ. സമരവും മിച്ചുഭൂമി സമരവും ഗതിപിടിക്കാതെ പോയത് പാര്ട്ടിനേതൃത്വത്തിനെതിരായ വികാരം നിലനില്‍ക്കുന്നത് കൊണ്ടാണെന്നാണ്ലയിരുത്തപ്പെടുന്നത്. എസ്സി, എസ്ടി വിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്നകലുകയാണ്. ഇത് പരിഹരിക്കാന്‍ വേണ്ടിയായിരുന്നു ഈ വിഭാഗങ്ങള്‍ക്കായി പ്രത്യേക പ്രത്യേകം സംഘടനകള്‍ രൂപീകരിച്ചത്. ചുരുക്കത്തില്‍ ടി.പി.വധത്തിനു ശേഷം ഒരു വര്‍ഷം തികയുമ്പോള്‍ സംഘടനാ പരമായും ആശയപരമായും സി.പി.എം. കടുത്തവെല്ലുവിളികളെയാണ് നേരിടുന്നത്. ടി.പി.വധത്തിന്റെ വിധിയില്‍ മുതിര്‍ന്ന സി.പി.എം. നേതാക്കള്‍ കൂടി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഉണ്ടാവുന്ന തിരിച്ചടി എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: