കോട്ടയം: ശ്വാസകോശ വിദഗ്ദ്ധരുടെ സമ്മേളനം നാല്, അഞ്ച് തീയതികളില്‍ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ വച്ച് നടക്കും. കേരളത്തിന് പുറമേ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം ശ്വാസകോശ വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കാളികളാകുമെന്ന് സംഘാടകസമിതി ചെയര്മാന് ഡോ. പി. സുകുമാരനും സെക്രട്ടറി ഡോ. പി.എസ് ഷാജഹാനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
രോഗനിര്‍ണ്ണയത്തില്‍ നാനോടെക്നോളജിയുടെ സാധ്യതകളെക്കുറിച്ച് രാജ്യാന്തര നാനോടെക്നോളജി വിദഗ്ദ്ധനും മഹാത്മാഗാന്ധിയൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലെ ഡയറക്ടറുമായ പ്രൊഫ. സാബു തോമസ് ക്ലാസെടുക്കും.
ആസ്ത്മക്കുള്ള പുതിയ മരുന്നുകളെക്കുറിച്ച് ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. പ്രസന്നകുമാര്‍ തോമസ് പ്രബന്ധം അവതരിപ്പിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് മുപ്പതിയഞ്ചോളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മെയ് നാലിന് വൈകുന്നേരം ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പരമ്പരാഗത തൊഴില്‍ മേഖലകളിലും നിര്‍മ്മാണ മേഖലയിലും തൊഴിലെടുക്കുന്നവരില്‍ വര്‍ദ്ധിച്ചുവരുന്ന ശ്വാസകോശ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി പരിഹരിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. അക്കാദമിയുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും യോഗം തെരഞ്ഞെടുക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെ. സുരേഷ്കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മുതിര്‍ന്ന ശ്വാസകോശവിദഗ്ദ്ധന് ഡോ. കെ.പി ഗോവിന്ദനെ സമ്മേളനത്തില്‍ ആദരിക്കും.
സമ്മേളനത്തിന്റെ വെബ്സൈറ്റുവഴി പൊതുജനങ്ങള്‍ക്ക് ശ്വാസകോശ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനും സംശയനിവൃത്തി വരുത്താനും അവസരം ഒരുക്കിയിട്ടുണ്ട്. www.pulmocon2013.weebly.com വഴിയോ [email protected] എന്ന ഇമെയില്‍ വഴിയോ ചോദ്യങ്ങള്‍ അയയ്ക്കാം.
പത്രസമ്മേളനത്തില്‍ അക്കാദമിയുടെ പ്രസിഡന്റ് ഡോ. വി. ദിനേശ്പ്രഭു, സംഘാടകസമിതി ചെയര്മാന് ഡോ. പി. സുകുമാരന്‍, സെക്രട്ടറി ഡോ. പി.എസ് ഷാജഹാന്, ട്രഷറര്‍ ഡോ. കെ.പി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: