കെന്റുക്കി: അമേരിക്കയില്‍ അഞ്ചു വയസുകാരന് രണ്ടുവയസുള്ള സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തി. തെക്കന്‍ കെന്റുക്കിയിലെ കുംബര്‍ലാന്‍ഡ് പ്രവിശ്യയിലായിരുന്നു സംഭവം. സമ്മാനമായി ലഭിച്ച തോക്കുമായി കളിക്കുന്നതിനിടെ ക്രിസ്റ്റ്യാന്‍ തന്റെ സഹോദരി കരോളിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മ സ്റ്റെഫാനി സ്പാര്ക് കണ്ടത് നെഞ്ചില്‍ വെടിയേറ്റു പിടയുന്ന പിഞ്ചുകുഞ്ഞിനെയാണ്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തോക്കിനുള്ളിലെ തിരകള്‍ മാറ്റാന്‍ വീട്ടുകാര്‍ മറന്നുപോയതാണ് കുരുന്നിന്റെ ദാരുണ അന്ത്യത്തില്‍ കലാശിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് അഞ്ച് വയസുകാരന് തോക്ക് സമ്മാനമായി നല്‍കിയതെന്നും അത് കുട്ടികള്‍ക്കുള്ള തോക്കായിരുന്നെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തെ അപകടമരണമായി കണക്കാക്കുമെന്ന് കുംബര്‍ലാന്‍ഡ് പ്രവിശ്യാ അധികാരി ഗാരി വൈറ്റ് പറഞ്ഞു. കേസെടുക്കുമോ എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് വക്താവ് ബില്ലി ഗ്രിഗറി അറിയിച്ചു.
അമേരിക്കന്‍ ഗ്രാമമായ കെന്റുക്കിയില്‍ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തോക്കുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടുന്നവരാണ്. ഇതു വളരെ അഭിമാനകരമായാണ് ഇവിടുത്തെ ജനങ്ങള്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: