ബംഗളൂരു: പരസ്യപ്രചാരണം തീരാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മതിദായകരുടെ വിശ്വാസം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. പാര്‍ലമെന്റില്‍ നിര്‍ണായക സമ്മേളനം നടക്കുകയാല്‍ ദേശീയ നേതാക്കളുടെ അസാന്നിധ്യം പ്രകടമായിരുന്നെങ്കിലും ആരുടെയും ആവേശത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.
ചിരജ്ഞീവിയെപ്പോലുള്ള ചില നടന്മാരെ കാണാനുള്ള ആവേശത്തില്‍ നിരവധി പേര്‍ക്ക് ലാത്തിയടി ഏല്‍ക്കേണ്ടിവന്നത് കൗതുകവുമായി.വോട്ടവകാശം പോലുമില്ലാത്ത കൗമാരക്കാരായിരുന്നു കോണ്‍ഗ്രസ് നേതാവിനെ കാണാന്‍ തിക്കിതിരക്കി എത്തിയത്.
ഇന്നലെ ഏതാനും ആളുകളുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് കാരണമായി. കര്‍ണാടകത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും അവര്‍ അസ്വസ്ഥരാനെന്നും അരക്ഷിതരാമെന്നുമുള്ള നിരുത്തരവാദപരമായ പ്രസ്താവനയാണ് വിവാദമായത്. സിംഗിന്റെ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്ത്തകന് കൂടിയായ എസ്.എം.കൃഷ്ണ നഗരത്തില്‍ ഉണ്ടായിട്ടും സമ്മേളനത്തിന് എത്തിയില്ല.സംസ്ഥാനത്തിന്റെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി വളരെ ശ്രമിച്ചിട്ടും കൃഷ്ണ കുലുങ്ങിയില്ല.
ബിജെപി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ചതും മുസ്ലീം ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാന്‍ അടിസ്ഥാനരഹിതമായ ആരോപനങ്ങള്‍ ഉന്നയിച്ചതും ഒഴിച്ചാല്‍ അദ്ദേഹത്തിന് പുതുതായി ഒന്നും പറയാനില്ലായിരുന്നു. വളരെ സമധാനത്തോടെ കഴിഞ്ഞു വരുന്ന മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്ത് വിതക്കാനുള്ള ശ്രമം വിലപ്പോയതുമില്ല.
കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ പ്രസംഗം നല്കിയ ഉണര്‍വിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. അത് നല്കിയ ധാര്‍മികബലം പ്രവര്‍ത്തകരില്‍ പ്രകടമായിരുന്നു. കര്‍ണാടകത്തില്‍ പാര്‍ട്ടി പരാജയപ്പെടാനിടയുള്ളതിനാല് മോദി വരില്ലെന്ന പ്രചാരണത്തിനു തക്ക മറുപടിയായിരുന്നു മോഡിയുടെ വരവ്. മെയ് രണ്ടിനു മംഗലാപുരത്തും ഉത്തരകര്‍ണാടകത്തിലും മോദി എത്തുന്നതോടെ നിര്‍ണ്ണായകമായ ഒരു ശതമാനം വോട്ടിന്റെ ആനുകൂല്യമെങ്കിലും തങ്ങള്ക്കുണ്ടാവുമെന്നു അവര്‍ പ്രതീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ്സിനുണ്ടായിരുന്ന ചെറിയ മേല്‍ക്കൈ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കാണാനില്ലെന്ന് അവര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. എസ്. എം. കൃഷ്ണയെപ്പോലുള്ള മഹാരഥന്മാരേയും പ്രാദേശിക നേതാക്കളെയും അവഗണിച്ചതും ടിക്കറ്റ് വിതരണത്തിലെ അപാകതകളും വിമതരും മാത്രമല്ല അവരുടെ ദേശീയ അധ്യക്ഷയും ഉപാധ്യക്ഷനും പ്രധാനമന്ത്രി പോലും വന്നപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശം കാണിക്കാതിരുന്നതും തിരിച്ചടികള്‍ക്കുള്ള സൂചനയായി അവര്‍ തന്നെ വിലയിരുത്തുന്നു.
മറുവശത്ത് അവരുടെ കോട്ടകളില്‍ കടന്നു കയറിയ ജനതാദള്‍ കോണ്‍ഗ്രസ് വോട്ടുബങ്കുകളില് അധികവും കൈക്കലാക്കുകയും ചെയ്തതായി കണക്കാക്കുന്നുണ്ട്. ബിജെപിയാകട്ടെ എല്‍.കെ. അദ്വാനി അടക്കമുള്ള ദേശീയനേതാക്കളുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനം സൃഷ്ടിച്ചെടുത്ത അടിയൊഴുക്ക് പരമാവധി ഉപയോഗപ്പെടുതുന്നുമുണ്ട്.അതിനിടെ, ഒരു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മറ്റൊരു മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ഥിയും മരിച്ചിരുന്നു. അവിടങ്ങളില്‍ എപ്പോള്‍ തെരഞ്ഞെടുപ്പു നടത്തും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: