കൊല്ലം: മാറാട്ടെ കൂട്ടക്കൊലപാതകത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുവാന്‍ സിബിഐ അന്വേഷണം ഏറ്റെടുക്കും വരെ ഹിന്ദുഐക്യവേദിയുടെ പോരാട്ടം തുടരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍. മാറാട് സംഭവത്തിന്റെ പത്താം വാര്‍ഷികദിനത്തില്‍ ഉപവാസ സമരത്തിനിടെ ഹിന്ദുനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊല്ലം താലൂക്കോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാട്ടെ അക്രമവും കൊലപാതകങ്ങളും പള്ളികേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയും വര്‍ഷങ്ങളായി ഹിന്ദുസംഘടനകള്‍ ബന്ധപ്പെട്ടവരോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. മുസ്ലീം ലീഗിന്റെ മുന്നില്‍ അടിയറവ് പറഞ്ഞ് ഭരണാധികാരികള്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ്. പാകിസ്ഥാന് നിര്‍മ്മിതമായ വ്യാജനോട്ടുകളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ തടസമായി മാറാടുള്ള ഹിന്ദുസമൂഹത്തെ കണ്ടതാണ് കൊലപാതക പരമ്പരയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം. ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെ പത്തുസ്ഥലങ്ങളിലായി ഏഴുമിനിട്ടു കൊണ്ട് എട്ടുഹിന്ദുക്കളെയാണ് നിഷ്ഠൂരമായി കൊന്നുകളഞ്ഞത്. ഹിന്ദുവിന്റെ വേദനയ്ക്കിടയിലും സമാധാന ചര്‍ച്ചയുടെ മറവില്‍ പിന്നെയും ആക്രമണങ്ങളും കുറ്റപ്പെടുത്തലുകളും നടത്തുകയായിരുന്നു കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാര്‍. ഇന്നിപ്പോള്‍ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സിബിഐ അന്വേഷണത്തെ അട്ടിമറിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും രഹസ്യമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പാണക്കാട്ടെ ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാരും പോലീസും താല്പര്യം കാണിക്കുന്നത്. മാറാട്ടെ ആയുധപ്പള്ളിയില് എല്ലാ തെളിവുകളും ഇല്ലാതാക്കി രക്തക്കറ വരെ കഴുകിക്കളഞ്ഞതിന് നേതൃത്വം നല്കിയ അന്നത്തെ എംപി ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. മാറാട്ടെ അനീതി പൊറുക്കാനാവില്ല. മാറാട് തുടങ്ങിവച്ച ഭീകരവാദ പ്രവര്‍ത്തനം ഇന്നിപ്പോള്‍ നാറാത്തും തെളിഞ്ഞിരിക്കുന്നു. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലും ഇടയ്ക്കിടെ സ്ഫോടനം നടക്കുന്നത് ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലം താലൂക്ക് പ്രസിഡന്റ് ഭുവനചന്ദ്രന് അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറര്‍ കൊച്ചുനാരായണന്, ജില്ലാ സെക്രട്ടറി മുണ്ടയ്ക്കല്‍ രാജു, വാളത്തുംഗല്‍ അശോകന്, ഓലയില്‍ ഗോപന്, ശൈലേന്ദ്രബാബു, സി. തമ്പി, അജയകുമാര്‍, യു. വിക്രമന്, രാമചന്ദ്രനുണ്ണിത്താന്‍, കെ.വി. രാജഗോപാലന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: