കൊട്ടിയം: കണ്ണനല്ലൂര്‍ വാലിമുക്കില്‍ വീട്ടമ്മ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി. ഇവരുടെ ബന്ധുവായ പതിനെട്ടുവയസുകാരന് തഴുത്തല സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്. കണ്ണനല്ലൂര്‍ വാലുമുക്കിന് സമീപം നസീറിന്റെ ഭാര്യ ജമീലാബീവി(58)യെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
ജമീലാബീവി ധരിച്ചിരുന്ന ആഭരണങ്ങള്‍ കവരാനായിരുന്നു കൊലപാതകമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൊബെയില്‍ ഫോണും കവര്‍ച്ച ചെയ്ത ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊലയ്ക്കുമുമ്പ് ഇവരെ മാനഭംഗപ്പെടുത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്. കഴുത്തു ഞെരിച്ചാണ് പ്രതി ജമീലാബീവിയെ കൊന്നതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം.
ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മൃതദേഹത്തില്‍ കാണാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. വിവാഹിതരായ പെണ്മകളുടെ വീട്ടിലായിരുന്നു അന്തിയുറക്കം.
എന്നാല്‍ ഞായറാഴ്ച രാത്രിയായിട്ടും ഉമ്മ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ 10 ഓടെ കൂട്ടിക്കടയിലെ മകളുടെ വീട്ടില്‍ നിന്ന് വാലിമുക്കിലെ വീട് വൃത്തിയാക്കാന്‍ പോയതായിരുന്നു ജമീല. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താന് നസീര്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: