കൊച്ചി: കുടിവെള്ള പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ക്ഷേമരാഷ്ട്രത്തില്‍ ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാത്തത് നീതിനിഷേധമാണെന്ന് കോടതി വ്യക്തമാക്കി.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇടപ്പള്ളി മേല്‍പ്പാലം പോലുള്ള പദ്ധതികള്‍ക്ക് ഒറ്റദിവസംകൊണ്ട് നിര്‍മ്മാണാനുമതി നല്കിയ സര്‍ക്കാര്‍ കുടിവെള്ള വിതരണത്തില്‍ ശ്രദ്ധിക്കാത്തത് അപലപനീയമാണെന്ന് ജസ്റ്റിസുമാരായ സിരിജഗന്, കെ.ഹരിലാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ആഭിച്ചനല്ലൂര് ഗ്രാമപഞ്ചായത്ത്, വൈപ്പിന്‍ സ്വദേശിനി റോസി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് ഇപ്പോഴും ഇവിടെ കുടിവെള്ള വിതരണം നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ഉദ്യോഗസ്ഥ തലത്തില്‍ കടുത്ത ഉദാസീനതയാണ് ജലവിതരണവകുപ്പ് കാണിക്കുന്നത്. ആലപ്പുഴ, വിശാലകൊച്ചി കുടിവെള്ള പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. സ്ത്രീകളും കുട്ടികളും കുടിവെള്ളത്തിനുവേണ്ടി പൈപ്പിന്‍ചുവട്ടില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നത് ദുഃഖകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിരവധി വിധിന്യായങ്ങള്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലവില്‍ ഉണ്ടായിട്ടും കേരളത്തില്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുകയാണ്. വൈപ്പിന്‍ ദ്വീപില്‍ കുടിവെള്ളമെത്തിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയ കോടതി വൈപ്പിനില്‍ ഉടന്‍ വെള്ളമെത്തിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇത് വൈപ്പിനില്‍ മാത്രമുള്ളതല്ല കേരളം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി.
കുടിവെള്ള വിതരണത്തിന് 56 കോടിയോളം രൂപ അനുവദിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ കേരളത്തിന്റെ ദാഹം തീര്‍ക്കാന്‍ ഈ ഫണ്ട് മതിയാകുമോയെന്ന് ഡിവിഷന്‍ബെഞ്ച് ആരാഞ്ഞു. ആഭിച്ചനെല്ലൂര് പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജി ജലവിതരണ വകുപ്പിന്റെ വിശദീകരണത്തിനായി മാറ്റി. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: