തൃശൂര്‍ : ഭാരതത്തിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഇഴയുന്നു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നിര്‍മാണോദ്ഘാടനം കഴിച്ച് നാളുകളേറെ കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
ഇതിനിടെ പ്രസ്തുത വകുപ്പിന്റെ മന്ത്രിയുടെ രാജിയും പദ്ധതി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏകദേശം 150 കോടിരൂപ ചിലവില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ അഞ്ചുകോടിയില്‍ രണ്ടര കോടി രൂപയുടെ അനുമതി മാത്രമാണ് ധനകാര്യവകുപ്പ് നല്‍കിയത്. ഇതിന്റെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഇതിന് പുറമെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 25 കോടിയുടെ പ്രഖ്യാപനവും പാതിവഴിയിലാണ്.
ഇപ്പോള്‍ ടെണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ. പാര്‍ക്കില്‍ കാട്ടിനുള്ളിലെ റോഡുകള്‍, സ്റ്റോറുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. ഏറെ കാലമായി നൂലാമാലകളില്‍പെട്ട് കിടന്നിരുന്ന സുവോളജിക്കല്‍ പാര്‍ക്കിനെ 2012 ആഗസ്റ്റ് 28നാണ് കേന്ദ്ര മൃഗശാല വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചത്. എന്നാല്‍ അന്നുമുതല്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതില്‍ അധികൃതര്‍ അലംഭാവം കാണിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പണിപൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ടാലും പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഫണ്ടിന് പുറമെ കേന്ദ്രഫണ്ടുകൂടി ലഭിച്ചാല്‍ മാത്രമെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.330 ഏക്കറില്‍ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്കനുസരിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഇതിനുപുറമെ രാത്രികാലങ്ങളില്‍ മൃഗങ്ങളെ കാണാനായുള്ള നൈറ്റ് സവാരി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ പാര്‍ക്കിന്റെ രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: