കല്‍പ്പറ്റ: കോളറ പടരുന്ന വയനാട് ജില്ലയെ കോളറ സാംക്രമിക ജില്ലയായി പ്രഖ്യാപിച്ചതായി എഡിഎം, ഡിഎംഒ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി വയനാട്ടില്‍ കോളറ മരണങ്ങളും കോളറ പടരുന്നതും സാധാരണമാണ്. ഇത് മുന്‍നിര്‍ത്തിയാണ് കോളറ സാംക്രമിക ജില്ലയായി പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം വയനാട്ടില്‍ 37 പേര്‍ക്ക് കോളറബാധയുള്ളതായാണ് പരിശോധനയില്‍ മനസിലാകുന്നത്. കോളറ ബാധിച്ച് ഇതിനകം മൂന്ന് പേര് മരിച്ചിട്ടുണ്ട്. 2011 ല്‍ 116 പേര്‍ക്ക് കോളറ ബാധിക്കുകയും ആറുപേര്‍ മരിക്കുകയും ചെയ്തിരുന്നു. 2012ല്‍ 69 പേര്‍ക്ക് കോളറ ബാധിക്കുകയും എട്ടുപേര്‍ മരിക്കുകയും ചെയ്തു. ഇത് കാലവര്ഷത്തോടനുബന്ധിച്ചാണെങ്കില് ഇപ്പോള്‍ വേനലിലാണ് രോഗം പടരുന്നത്. രോഗം വന്നത് കര്‍ണാടകയില്‍ നിന്നാണെന്ന് വരുത്തിതീര്‍ക്കാന്‍ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങള്‍ കുടിവെള്ളപരിശോധനയില് തകരുകയായിരുന്നു.
കോളറ നിയന്ത്രണവിധേയമല്ലെന്ന് ജില്ലാ ഭരണാധികാരികളും ആരോഗ്യവകുപ്പും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ കോളറ പടര്‍ന്നുപിടിച്ചിട്ടുള്ള മുട്ടിലിന് സമീപമുള്ള പ്രദേശത്തെ കിണറുകളിലെയും തോടുകളിലെയും വെള്ളത്തില്‍ 1200 കോളിഫോം ബാക്ടീരിയ ഉള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. മനുഷ്യമലം തോട്ടിലും കിണറിലും വ്യാപകമായി കലര്‍ന്നിട്ടുള്ളതായാണ് ഇത് കാണിക്കുന്നത്.
ജില്ലയിലെ പ്രമുഖ സ്ഥാപനമായ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ നിന്നും പുറത്തേക്ക് കക്കൂസ്പൈപ്പ് തുറന്നുവെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതോടെ കലക്ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടത്തില്‍ നിന്നും നിര്‍ദ്ദേശം എത്തിയതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: