കൊച്ചി: സ്വര്‍ണ വില്പനയുമായി ബന്ധപ്പെട്ട് സേവനം നടത്തുന്ന ബാങ്കുകള്‍ ആര്‍ബിഐ നിരീക്ഷണത്തില്‍. സ്വര്‍ണനാണയ വില്പന, സ്വര്ണാനുബന്ധ നിക്ഷേപ-ഉത്പന്ന വിപണനം തുടങ്ങിയവ നടത്തുന്ന ദേശസാല്‍കൃത-സ്വകാര്യ-വിദേശ ബാങ്കുകളെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്തൃ മേഖലയില്‍ നിന്നുള്ള പരാതികള്‍, വിപണിയിലുണ്ടാകുന്ന അനിയന്ത്രിതാവസ്ഥ, വില്പന വില ചാഞ്ചാട്ടം, നിക്ഷേപക താത്പര്യം, തുടങ്ങിയവ കണക്കിലെടുത്താണ് ആര്‍ബിഐ ബാങ്കുകളെ നിരീക്ഷിക്കുന്നത്. രാജ്യത്തെ 30 ഓളം ബാങ്കുകളാണ് നോഡല്‍ നിരീക്ഷണ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്.
കൂടാതെ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളുടെ സ്വര്‍ണ ഇടപാടുകളെ കുറിച്ച് അന്വേഷണത്തിനും ആര്‍ബിഐ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്വര്‍ണ വില്പന വര്‍ധിക്കുകയും സുരക്ഷിത നിക്ഷേപമായി ശക്തിപ്രാപിക്കുകയും ചെയ്തതോടെയാണ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത നാണയ രൂപത്തിലാക്കിയുള്ള സ്വര്‍ണ വില്പനയ്ക്ക് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും അനുമതി നല്‍കിയത്. രാജ്യത്തേയ്ക്കുള്ള അനിയന്ത്രിത സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനും വ്യക്തമായ ഇറക്കുമതി തോത് ലഭ്യമാക്കാനും ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ ലഭ്യത ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി.
എന്നാല്‍ ബാങ്കുകള്‍ വഴി വില്പന നടത്തുന്ന സ്വര്‍ണം ഉദ്യോഗസ്ഥരും നിക്ഷിപ്ത താത്പര്യക്കാരും പ്രത്യേക സംഘവും കൈക്കലാക്കുന്നതായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നില്ലെന്നും വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. സംശുദ്ധ സ്വര്‍ണ വില്പനയും സ്വര്‍ണ നിക്ഷേപ പദ്ധതികളും അട്ടിമറിക്കപ്പെടുന്നുവെന്ന കണ്ടെത്തലാണ് ബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി അനിയന്ത്രിതമായി തുടരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം സ്വര്‍ണ വിപണിയിലുണ്ടാക്കിയ സുരക്ഷിത നിക്ഷേപ പ്രഭാവം കുത്തനെയുള്ള വില തകര്‍ച്ചയിലും തകര്‍ക്കാനായിട്ടില്ല. ഇതിനിടെ ഇന്ത്യന്‍ ധനകാര്യ വകുപ്പ് ഇറക്കുമതി സ്വര്‍ണത്തിനുള്ള അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ചത് സ്വര്‍ണ നിക്ഷേപകരിലും വിപണിയിലും ഉയര്‍ന്ന വില നിലവാരം പിടിച്ചുനിര്‍ത്തുവാനും സഹായകമായി.
2012 ല്‍ 864 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത ഇന്ത്യയില്‍ 2013 ല്‍ 900 ടണ്‍ ഇറക്കുമതി നടക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ആഭരണം , സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ എന്നിവയിലൂടെ വില്പനയില് വന്‍ വളര്‍ച്ചയാണ് വിപണി കേന്ദ്രങ്ങളും പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി സ്വര്‍ണത്തിനുള്ള അടിസ്ഥാന വില ധന വകുപ്പ് 10 ഗ്രാമിന് 449 ഡോളര്‍ എന്നത് 479 ഡോളറായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇറക്കുമതി ചുങ്കം മറ്റ് അനുബന്ധ ചെലവുകള്‍ ചേര്‍ത്താല്‍ വില 505 ഡോളറായി വര്‍ധിക്കും. ആഗോള വിപണിയില്‍ തങ്കം ഔണ്‍സിന് 430-440 ഡോളറാണ് വില. ഇന്ത്യന്‍ ഇറക്കുമതി സ്വര്‍ണത്തിന്റെ നിലവിലെ വില 10 ഗ്രാമിന് 27500 രൂപയായിരിക്കുമെന്നാണ് വ്യാപാരികളുടെ കണക്ക്. സ്വര്‍ണ വിപണിയിലുണ്ടാകുന്ന വില്പന വില ചാഞ്ചാട്ടവും ഊഹക്കച്ചവടക്കാരുടെ ഇടപെടലുകളും യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്ന് വ്യാപാര കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. അക്ഷയ തൃതീയ വില്പന പ്രതീക്ഷയുള്ള സ്വര്‍ണ വില്പന സംവിധാനത്തില്‍ ബാങ്കുകളുടെ നിരീക്ഷണം ഏറെ ചര്‍ച്ചാ വിഷയമാണ്. ആര്‍ബിഐ നടപടി ബാങ്കുകളിലെ സ്വര്‍ണ വില്പനയിലും നിക്ഷേപ പദ്ധതിയ്ക്കും കൂടുതല്‍ വിശ്വാസ്യതയും കരുത്തും പകരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: