തിരുവനന്തപുരം: ടെക്സ്റ്റെയില്‍ കോര്പ്പറേഷന് അഴിമതിയില്‍ മുന്വ്യവസായമന്ത്രി എളമരം കരീമിനും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് വ്യവസായവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ചീഫ് സെക്രട്ടറി വി.സോമസുന്ദരമാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. യന്ത്രസാമഗ്രികള്‍ വാങ്ങിയതിലെ അഴിമതിയില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എം ഡി. എം ഗണേശിനെ സസ്പെനൃ ചെയ്യാനും നിര്‍ദേശമുണ്ട്.
ടെക്സ്റ്റെയില്‍ കോര്‍പ്പറേഷനിലെ അഴിമതി സംബന്ധിച്ച് ധനകാര്യപരിശോധന വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതാണെങ്കിലും മാസങ്ങള്‍ക്കു ശേഷമാണ് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം റിയാബ് വഴി ടെക്സ്റ്റെയില്‍ കോര്‍പറേഷനോട് വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതോടെ ധനകാര്യപരിശോധന വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ടെക്സ്റ്റെയില്‍ കോര്പ്പറേഷന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം പതിനൊന്നുകോടി രൂപയിലധികം ബാധ്യത സര്‍ക്കാരിന് വരുത്തിവെച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇനിയും തുടങ്ങാത്ത മൂന്ന് മില്ലുകളുടെ ഉദ്ഘാടനച്ചടങ്ങിനായി മാത്രം 33.5 ലക്ഷം രൂപ ധൂര്‍ത്തടിച്ചുവെന്നും കണ്ടെത്തി.
ടെക്സ്റ്റെയില്‍ കോര്പറേഷന് കീഴില്‍ ഉദുമ സ്പിന്നിങ് മില്‍, പിണറായി ഹൈടെക് വീവിങ് മില്‍, കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ എന്നിവ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് തുടങ്ങിയതാണ്. ഇതില്‍ 23 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്നാണു ധനകാര്യപരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍. കൂടിയനിരക്കില്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയ വകയില്മാത്രം 14.15 കോടി രൂപയുടെ സാമ്പത്തികനഷ്ടമുണ്ടായി. കെട്ടിടനിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചതിലൂടെ 9.59 കോടി രൂപയുടെ നഷടമുണ്ടായെന്നും അന്വഷണത്തില്‍ കണ്ടെത്തി.
ടെക്സ്റ്റെയില്‍ കോര്‍പ്പറേഷനു കീഴിലുളള മലബാര്‍ സ്പിന്നിംഗ് മില്‍സ്, കോട്ടയം ടെക്സ്റ്റെയില്‍സ്, പ്രഭുറാം മില്‍സ്, എടരിക്കോട് ടെക്സ്റ്റെയില്‍സ് എന്നീ പഴയ മില്ലുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലും ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആകെ മൂലധനത്തിന്റെ പകുതിയിലധികം രൂപയുടെ നഷ്ടത്തിലാണ് കോര്പ്പറേഷന് പ്രവര്‍ത്തിക്കുന്നത്. 126 കോടി രൂപയാണ് കോര്‍പ്പറേഷന്റെ ആകെ മൂലധനം. ആകെ നഷ്ടം 63 കോടി രൂപ.
വിദേശത്തു നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തതിന് ടെര്‍മിനല്‍ എക്സൈസ് ഡ്യൂട്ടി സര്‍ക്കാരില്‍ നിന്ന് സമയത്തിന് ക്ലെയിം ചെയ്യാതിരുന്നതിന് 4.75 കോടി നഷ്ടമുണ്ടായി. സര്‍ക്കാരിന്റെ കരിമ്പട്ടികയിലുളള കോയമ്പത്തൂരിലെ ഒരു കമ്പനിയില്‍ നിന്ന് 12 മെഷീനുകള്‍ വാങ്ങിയതിന്റെ മൊത്തം ബില്ല് 29.5 ലക്ഷം രൂപയാണ്. സാധനങ്ങള്‍ എത്തിക്കുക പോലും ചെയ്യുന്നതിനു മുമ്പ് പല തീയതികളിലായി കോര്പ്പറേഷന് ഇവര്‍ക്ക് 30.5 ലക്ഷം രൂപ നല്കി.
ബാങ്ക് ഗാരന്റിയോ കരാറോ ഇല്ലാതെയാണ് ഈ ഇടപാട് നടത്തിയത്. പിന്നീട് ഈ ഇടപാട് ക്യാന്‍സല്‍ ചെയ്തെങ്കിലും കരാര്‍ ഇല്ലാത്തതിനാല്‍ മുപ്പതരലക്ഷവും നഷ്ടമായി. പിണറായിയിലെ പുതിയ മില്ലിനായുളള സ്ഥലം എംഡിയുടെ പേരില്‍ വാങ്ങിയതു വഴി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം 23 ലക്ഷം നഷ്ടമുണ്ടായി. എംഡി എം.ഗണേഷിന്റെ കാലത്തുളള അഴിമതിയുടെയും നഷ്ടത്തിന്റെയും കണക്കുകളാണിത്. മുന്‍ വ്യവസായമന്ത്രി എളമരം കരീമിന്റെ കാലത്ത് എംഡിയായ ഇദ്ദേഹം ഇപ്പോഴും എംഡിയായിത്തന്നെ തുടരുന്നു. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഭരണം മാറിയിട്ടും ഇപ്പോഴത്തെ വ്യവസായവകുപ്പ് പൂഴ്ത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: