കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ പോലീസ് പിടിയിലായ 21 പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐക്കാരില്‍ 7 പേരെ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശിവപുരത്തെ പുതിയ വീട്ടില്‍ പി.വി.അബ്ദുള്‍ അസീസ്, നാറാത്ത് മടത്തിക്കൊവ്വല്‍ കുമ്മായക്കടവിലെ കെ.കെ.ജംഷീര്‍ (20), മമ്മാക്കുന്ന് പുതിയ പുരയില്‍ അബ്ദുള്‍ സമദ് (28), ഏച്ചൂര്‍ കോട്ടപ്പുറം ആയിഷ കോട്ടേജില്‍ ഫഹദ്, കൂത്തുപറമ്പ് വേങ്ങാട് കുന്നിരിക്ക പുരക്കായില് നൗഫല്‍ (23), മുഴപ്പിലങ്ങാട് ബൈത്തുല്‍ റാഫയില്‍ റിക്കാസ് (23), കിഴുന്നയിലെ മുഹമ്മദ് സംപ്രീത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്കാന് കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. മെയ് 3ന് രാവിലെ 11 മണിക്ക് ഇവരെ തിരികെ കോടതിയില്‍ ഹാജരാക്കണം.
23-ാം തീയതിയാണ് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തീവ്രവാദ പരിശീലനത്തിനിടെ കണ്ണൂര്‍ നാറാത്ത് നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ബാക്കിയുള്ള 14 പ്രതികളെ രണ്ട് ഘട്ടമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പ്രാഥമികാന്വേഷണത്തില്‍ തന്നെ അറസ്റ്റിലായവര്‍ക്കുള്ള വിദേശ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം പോലീസിന് വ്യക്തമായിരുന്നു. കേസിന്റെ അന്താരാഷ്ട്രബന്ധം വ്യക്തമായ സാഹചര്യത്തിലാണ് തുടരന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്നലെ തന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ശാസ്ത്രീയമായ രീതിയിലാണ് ചോദ്യം ചെയ്യലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മികച്ച പരിശീലനം ലഭിച്ചവരാണ് പോലീസ് കസ്റ്റഡിയിലുള്ളവര്‍. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ എളുപ്പമായിരിക്കില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഉത്തരമേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട ഡിവൈഎസ്പിമാരുടെ യോഗം എസ്പി രാഹുല്‍ ആര്.നായരുടെ നേതൃത്വത്തില്‍ ഇന്നലെ കണ്ണൂരില്‍ നടന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാന്‍ പ്രത്യേകം ഡിവൈഎസ്പിമാരെ ചുമതലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. എന്‍ഐഎ സംഘമെത്തുന്നതിന് മുന്‍പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ആയുധ പരിശീലനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിനുള്ള പങ്ക് പോലീസിന് വ്യക്തമായിട്ടുണ്ട്. അന്വേഷണം വ്യാപകമാക്കുമെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: