ജയ്പൂര്‍: മലയാളിക്കരുത്തില്‍ രാജസ്ഥാന് റോയല്‍സ് വീണ്ടും വിജയപീഠമേറി. ആദ്യം സ്റ്റാമ്പിന് പിന്നിലും പിന്നീട് മുന്നില്‍ രണ്ടാമതും തകര്‍ത്താടിയ സഞ്ജു വി. സാംസന്റെ കരുത്തിലാണ് രാജസ്ഥാന് റോയല്‍സ് ബാംഗ്ലൂര്‍ പുലിക്കുട്ടികളെ കൂട്ടിലടച്ചത്. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് രാജസ്ഥാന് റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ഗെയില്‍ (34), കോഹ്ലി (32), വിനയ്കുമാര്‍ (22 നോട്ടൗട്ട്), ഹെന്റിക്വസ് (22), ഡിവില്ലിയേഴ്സ് (21) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്റെ കരുത്തിലാണ് ബാംഗ്ലൂര്‍ മികച്ച സ്കോര്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സ് അര്‍ദ്ധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി. സാംസന്റെയും 41 റണ്‍സെടുത്ത ഷെയ്ന് വാട്സന്റെയും 32 റണ്‍സെടുത്ത ഹോഡ്ജിന്റെയും 22 റണ്‍സെടുത്ത ദ്രാവിഡിന്റെയും കരുത്തിലാണ് ഒരു പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തത്. ഒരുഘട്ടത്തില്‍ രണ്ടിന് 48 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട രാജസ്ഥാന്റെ വിജയത്തിലേക്ക് നയിച്ചത് ക്ലാസിക്ക് ബാറ്റിംഗ് നടത്തിയ സഞ്ജുവും വാട്സണും ഹോഡ്ജും ചേര്‍ന്നാണ്. ഐപിഎല്ലില്‍ രണ്ട് മത്സരം കളിച്ച സഞ്ജു രണ്ടിലും ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ സൂപ്പര്താരവുമായിമാറി. സഞ്ജു സാംസണ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് നായകന് രാഹുല്‍ ദ്രാവിഡ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പതിവിന് വിപരീതമായി ക്രിസ് ഗെയിലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയത് അഭിനവ് മുകുന്ദായിരുന്നു. പതിവുപോലെ കത്തിക്കയറിയ ഗെയിലിന് മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 4 ഓവറില്‍ 44-ല്‍ എഎത്തിയപ്പോള് രാജസ്ഥാന് റോയല്‍സ് കാത്തിരുന്ന ഗെയിലിന്റെ വിക്കറ്റ് സ്വന്തമായി. 16 പന്തില്‍ നിന്ന് 6 ബൗണ്ടറിയും ഒരു സിക്സറുമടക്കം 34 റണ്‍സ് നേടിയ ഗെയിലിനെ വാട്സന്റെ പന്തില്‍ വിക്കറ്റ് കീപ്പറും മലയാളി താരവുമായ സഞ്ജു സാംസണ് പിടികൂടി. പിന്നീട് മുകുന്ദും കോഹ്ലിയും ചേര്‍ന്ന് സ്കോര്‍ 66-ല്‍ എത്തിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത അഭിനവ് മുകുന്ദിനെ ത്രിവേദി ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്ന് കോഹ്ലിക്ക് കൂട്ടായി ഡിവില്ലിയേഴ്സ് എത്തിയതോടെ സ്കോറിംഗിന് വീണ്ടും വേഗം കൂടി. എന്നാല്‍ 12.1 ഓവറില്‍ സ്കോര്‍ 99-ല്‍ എത്തിയപ്പോള്‍ 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ഡിവില്ലിയേഴ്സിനെ ശ്രീശാന്ത് ഫള്‍ക്നറുടെ കൈകളിലെത്തിച്ചു. സ്കോര്‍ 125-ല്‍ എത്തിയപ്പോള്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മടങ്ങി. വാട്സന്റെ പന്തില്‍ ഫള്ക്നര്ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. സ്കോര്‍ 145-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത ഹെന്റിക്വസും 149-ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത രാംപാലും മടങ്ങി. പിന്നീട് അവസാന ഓവര്‍ നേരിട്ട വിനയ്കുമാര്‍ മൂന്ന് തവണ അതിര്‍ത്തിക്ക് പുറത്തേക്ക് പന്ത് പറത്തിയതോടെയാണ് ബാംഗ്ലൂര്‍ സ്കോര്‍ 171-ല്‍ എത്തിയത്. വിനയ്കുമാര്‍ 6 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്തും സൗരഭ് തിവാരി എട്ട് റണ്‍സെടുത്തും പുറത്താകാതെ നിന്നു. രാജസ്ഥാന് റോയല്‍സിനുവേണ്ടി ഷെയ്ന് വാട്സണ് 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 48 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട റോയല്‍സിനെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മലയാളി താരം സഞ്ജു വി. സാംസണും ഷെയ്ന്‍വാട്സണും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്കോര്‍ 21-ല്‍ നില്‍ക്കേ രണ്ട് റണ്‍സെടുത്ത രഹാനയെയാണ് റോയല്‍സിന് ആദ്യം നഷ്ടമായത്. രാംപാലിന്റെ പന്തില്‍ ആര്.പി. സിംഗ് പിടികൂടി. പിന്നീട് സ്കോര്‍ 48-ല്‍ എത്തിയപ്പോള്‍ നായകന് ദ്രാവിഡും മടങ്ങി. 17 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ദ്രാവിഡിനെ ഹെന്റിക്വസ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടാണ് സഞ്ജു-വാട്സണ് കൂട്ടുകെട്ടിന്റെ രക്ഷാപ്രവര്‍ത്തനം. ബാംഗ്ലൂര്‍ ബൗളര്‍മാരെ അനായാസം നേരിട്ട സഞ്ജു മികച്ച സ്ട്രോക്ക് പ്ലേയാണ് നടത്തിയത്. 32 പന്തില്‍ നിന്ന് 5 ബൗണ്ടറികളും രണ്ട് സിക്സറുമടക്കമാണ് സഞ്ജു അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 14.2 ഓവറില്‍ സ്കോര്‍ 116-ല്‍ എത്തിയശേഷമാണ് 68 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 41 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്ത് ഉജ്ജ്വല ഇന്നിംഗ്സ് കാഴ്ചവെച്ച സഞ്ജു സാംസണ് രാംപാലിന്റെ പന്തില്‍ മുരളി കാര്‍ത്തികിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീട് വാട്സണ് കൂട്ടായി ഹോഡ്ജ് എത്തിയത് കരുതിക്കൂട്ടിത്തന്നെയായിരുന്നു. തുടക്കം മുതല്‍ കത്തിക്കയറിയ ഹോഡ്ജും വാട്സണും ചേര്‍ന്ന് നാല് ഓവറില്‍ 46 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ സ്കോര്‍ 162-ല്‍ എത്തിയപ്പോള്‍ 31 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത വാട്സണ് ആര്.പി. സിംഗിന്റെ പന്തില്‍ ഡിവില്ലിയേഴ്സിന് ക്യാച്ച് നല്കി മടങ്ങി.
അവസാന ഓവറില്‍ ജയിക്കാന്‍ ആറ് റണ്‍സായിരുന്നു റോയല്‍സിന് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും പന്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ റോയല്‍സിന്റെ വിജയം സംശയത്തിലായി. 18 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹോഡ്ജ് വിനയ്കുമാറിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ഒരു റണ്‍സെടുത്ത ഒവൈസ് ഷാ റണ്ണൗട്ടായി. എന്നാല്‍ അവസാന ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറിക്ക് പറത്തിയതോടെ റോയല്‍സ് വിജയം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: