ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതപ്പെടുന്ന ചെചെന്‍ സഹോദരന്മാരിലെ മൂത്തയാളായ തമര്‍ലാന്‍ സര്‍നേവ് ജിഹാദിനെ സംബന്ധിച്ച് സ്വന്തം അമ്മയോട് വിശദമായി സംസാരിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. 2011ല്‍ റഷ്യ റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണമാണ് ഇതു വ്യക്തമാക്കുന്നത്. തമര്‍ലാനും അമ്മ സുബൈദത് സര്നേവയും തമ്മിലെ സംഭാഷണ വിശദാംശങ്ങള്‍ റഷ്യ അമേരിക്കയ്ക്കു കൈമാറിക്കഴിഞ്ഞു.
സുബൈദത് ദക്ഷിണ റഷ്യയിലുള്ള ഒരാളുമായി നടത്തിയ സംഭാഷണ രഹസ്യങ്ങളും യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയ്ക്ക് ലഭിച്ചു. ദക്ഷിണ റഷ്യക്കാരനായ വ്യക്തി മറ്റൊരു കേസുമായി ബന്ധപ്പെട്ട് എഫ്ബിഐയുടെ അന്വേഷണ പരിധിയിലുള്ളയാളാണ്. സര്‍നേവ് കുടുംബത്തിന്റെ ഭീകരബന്ധം കണ്ടെത്താനുള്ള എഫ്ബിഐ അന്വേഷണത്തെ ഏറെ സഹായിക്കുന്നതാണ് ഇപ്പോഴത്തെ വിവരങ്ങള്‍.
പലസ്തീനിലേക്കു പോകുന്നതിന്റെ സാധ്യത, തമര്‍ലാന്‍ അമ്മയായ സുബൈദത്തുമായുള്ള സംഭാഷണത്തില്‍ ആരായുന്നുണ്ട്.
പലസ്തീനിലെത്തിയാല് സ്വന്തം ഭാഷ ഉപയോഗിക്കില്ലെന്ന അഭിപ്രായവും തമര്‍ലാന്‍ സ്വന്തം മാതാവിനോട് പങ്കുവയ്ക്കുന്നു. എന്നാല്‍ ഈ സംഭാഷണങ്ങളില്‍ അമേരിക്കയ്ക്കുള്ളില്‍ ആക്രമണങ്ങളെക്കുറിച്ച് നേരിട്ടു സൂചിപ്പിക്കുന്നില്ല.
ഏപ്രില്‍ 15നാണ് വിഖ്യാത ബോസ്റ്റണ്‍ മാരത്തണിനിടെ ഇരട്ട സ്ഫോടനമുണ്ടായത്. രണ്ടു ദിവസങ്ങള്‍ക്കുശേഷം സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയിക്കപ്പെടുന്ന തമര്‍ലാന്‍ സര്നേവിന്റെയും സോഖര്‍ സര്നേവിന്റെയും ചിത്രങ്ങള്‍ യുഎസ് പോലീസ് പുറത്തുവിട്ടു. പിന്നാലെ മസാച്യൊാസ്റ്റ്സ് ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ അതിക്രമിച്ചുകടന്ന ഇരുവരും പോലീസുകാരനെ വെടിവെച്ചുകൊന്നു.
തുടര്‍ന്ന് കാര്‍ തട്ടിയെടുത്ത ഇവരെ പിന്തുടര്‍ന്ന പോലീസ് തമര്ലാനെ വധിച്ചു. പിന്നീട് വാട്ടര്‍ടൗണിലെ ഒരു വീടിനു പിന്നില്‍ ഒളിച്ചിരുന്ന സോഖറിനെയും പിടികൂടി. തന്റെ മക്കളെ അമേരിക്കന്‍ ചതിപ്രയോഗത്തിലൂടെ കേസില്‍ കുടുക്കിയെന്നായിരുന്നു സുബൈദത് അന്ന് ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: