ശാസ്താംകോട്ട: ശൂരനാട് പോലീസ്സ്റ്റേഷനില്‍ മറൈന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മൂന്നാംമുറക്ക് വിധേയനായതിന്റെ ഞെട്ടിക്കുന്ന കഥകള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തന്നെ പുറത്തുപറഞ്ഞതോടെ സംസ്ഥാന പോലീസിന്റെ പ്രതിച്ഛായ മങ്ങുന്നു.
ശൂരനാട് തെക്ക് ഇഞ്ചക്കാട് വിഷ്ണു വിലാസത്തില്‍ മഹേശന്റെ മകന് ഹരി(18)യാണ് ശൂരനാട് എസ്ഐയുടെ മൂന്നാംമുറക്ക് വിധേയനായി അവശനായി കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് ശൂരനാട് എസ്ഐ കെ.ടി. സന്ദീപ്, ഹരിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുറിയിലിട്ട് മര്‍ദിച്ചശേഷം മാതാപിതാക്കളുടെ മുന്നില്‍ വച്ച് വലിച്ചിഴച്ചാണ് ഹരിയെ ജീപ്പ്പില്‍ കയറ്റിക്കൊണ്ടുപോയത്.
സ്റ്റേഷനിലെത്തിയശേഷം ഹരിയെ പൂര്‍ണനഗ്നനാക്കി മര്‍ദനമുറ തുടങ്ങുകയായിരുന്നു. എസ്ഐയുടെ ഇരുതുടകള്‍ക്കും ഇടയില്‍ ഹരിയെ കുനിച്ചുനിര്‍ത്തി കഴുത്ത് കയറ്റി പുറത്ത് മുട്ട്മടക്കിക്കൊണ്ടാണ് ആദ്യം ഇടി തുടങ്ങുന്നത്. പിടിച്ചു നില്‍ക്കാനാകാതെ 18 വയസുകാരനായ ഹരി പലതവണ കുഴഞ്ഞുവീണു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പല പോലീസുകാരെയും എസ്ഐ സന്ദീപ് സഹായത്തിന് വിളിച്ചെങ്കിലും ആരും വരാന്‍ തയാറായില്ല. തുടര്‍ന്ന് എസ്ഐയുടെ വിശ്വസ്തനായ ഒരു പോലീസുകാരന് സഹായത്തിനെത്തി. ഈ ഉദ്യോഗസ്ഥന്റെ മുഖം വ്യക്തമാണെങ്കിലും യൂണിഫോമില്‍ നെയിംബോര്‍ഡ് ഇല്ലാതിരുന്നതിനാല്‍ പേര് കൊണ്ട് ആളെ തിരിച്ചറിയാന്‍ ഹരിക്കായില്ല.
വീട്ടില്‍ നിന്നും പെട്ടെന്നുള്ള അറസ്റ്റ് ആയതിനാല്‍ ഹരി അടിവസ്ത്രം ധരിച്ചിരുന്നില്ല. തുടര്‍ന്നാണ് പുലര്‍ച്ചയോടെ എവിടെനിന്നോ ഒരു അടിവസ്ത്രം കൊണ്ടുവന്ന് ഹരിയെ ധരിപ്പിച്ചത്. പുലര്‍ച്ചെ 5.30ഓടെ എസ്ഐ തിരികെപ്പോയി.
രാത്രിയിലെ ജോലിക്കൂടുതല്‍ കാരണം പിറ്റേന്ന് ഉച്ചയ്ക്ക് 1.30 വരെ എസ്ഐ വീട്ടില്‍പോയി വിശ്രമിച്ചു. ഉച്ചയ്ക്ക് വീണ്ടും സ്റ്റേഷനിലെത്തി സെല്ലില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന ഹരിയെ വിളിച്ചുണര്‍ത്തിയെങ്കിലും ഹരിയുടെ ബന്ധുക്കളും മറ്റും സ്റ്റേഷനില്‍ ഉണ്ടായിരുന്നതിനാല്‍ മര്‍ദനമുറ നടന്നില്ല. ബന്ധുക്കളോടോ കോടതിയോടെ മര്‍ദനമേറ്റ കാര്യം പറഞ്ഞാല്‍ നിന്റെ അച്ഛനെയും ജ്യേഷ്ഠനേയും ഈ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് എസ്ഐ സെല്ല് വിട്ട്പോയത്.
മാര്‍ച്ച് 20ന് ചിറ്റക്കാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അക്രമത്തിന്റെ പേരിലാണ് ഹരിയെ പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തത്. ഉത്സവത്തിന്റെ സംഘട്ടനത്തിന്റെ തുടര്‍ച്ചയെന്നോണം തൃക്കുന്നപ്പുഴ വടക്ക് ഒറ്റപ്പന്തിയില്‍ അനില്‍കുമാറിനെ അക്രമിസംഘം ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.
വീട്ടില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിയാണ് സംഘം ഇയാളെ മര്‍ദിച്ചത്. സമീപവാസിയായ ശങ്കു എന്ന രതീഷിന്റെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന അക്രമിസംഘമാണ് തന്നെ കാറില്‍ കൊണ്ടുനടന്ന് ക്രൂരമായി ഉപദ്രവിച്ചതെന്ന് അനില്‍കുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അയല്‍വാസിയായ ഹരി സംഭവത്തിലുണ്ടായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞിരുന്നില്ല. പിന്നീടാണ് ഹരിയെ അഞ്ചാം പ്രതിയാക്കി പോലീസ് പ്രതിപ്പട്ടിക തയാറാക്കിയത്. മര്‍ദനമുറകള്‍ക്ക് ശേഷം ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ ഹരിയെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പോലീസുകാരുടെ സഹായത്തോടെയാണ് മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ചത്.
മജിസ്ട്രേറ്റ് ഹരി ആര്. ചന്ദ്രന് മുന്‍പാകെ ഹരി തന്നെ എസ്ഐ ഉപദ്രവിച്ചകാര്യം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഇതേതുടര്‍ന്ന് ഹരിക്ക് അടിയന്തിര ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി റിമാന്റ് ചെയ്തത്.അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എസ്ഐ നടത്തിയ മൂന്നാംമുറയുടെ വിവരങ്ങള്‍ ബന്ധുക്കളെ രഹസ്യമായി അറിയിക്കുകയും ഹരിക്ക് വേണ്ട ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: