ധാക്ക: ബംഗ്ലാദേശില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ കെട്ടിട ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഫാക്ടറി ഉടമകള്‍ പൊലീസില്‍ കീഴടങ്ങി.
വസ്ത്ര നിര്‍മാണശാല ഉടമകളായ മഹ്ബുബുര്‍ റഹ്മാന് താപാസ്, ബാല്സുല് സമീദ് അദ്നന് എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ വിള്ളലുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും തൊഴിലാളികളെ ജോലിക്കുകയറാന്‍ ഇവര്‍ പ്രേരിപ്പിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിന്റെ ഉടമയായ മൊഹമ്മദ് സോഹല്‍ റാണയെ ഇതുവരെ പിടികൂടാനായിട്ടില്ല.
അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 336ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ 24പേരെ രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചു. അഞ്ചാം നിലയില്‍ ഇനിയും 15ഓളം പേര്കുടുങ്ങിക്കിടപ്പുണ്ട്. നാലും അഞ്ചും നിലകളില്‍ നിന്ന് 40പേരെ നേരത്തെ രക്ഷിച്ചിരുന്നു.
ധാക്കയുടെ പ്രാന്തപ്രദേശമായ സാവറിലെ റാണ പ്ലാസ എന്ന എട്ടു നിലക്കെട്ടിടം ബുധനാഴ്ച്ചയാണ് തകര്‍ന്നുവീണത്.
നിരവധി വസ്ത്രനിര്‍മാണശാലകളും മറ്റുസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ സംഭവ സമയത്ത് 3000ത്തോളം പേരുണ്ടായിരുന്നതായി അധികൃതര്‍ കണക്കുകൂട്ടുന്നു. 600പേരെ സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇന്നലെയും ദുരന്തസ്ഥലത്ത് പോലീസുകാരുംപ്രതിഷേധക്കാരും ഏറ്റുമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: